പത്തനംതിട്ട: ഡി.സി.സി. ഭാരവാഹികളാകാൻ 250 പേർ അപേക്ഷ നൽകി. ബയോഡേറ്റകൾ ഇന്ന് പരിശോധിച്ച് ചുരുക്കപ്പട്ടികയാക്കി കെ.പി.സി.സിക്ക് അയയ്ക്കും. മൂന്ന് വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ, പതിനൊന്ന് ജനറൽ സെക്രട്ടറിമാർ, 16 നിർവാഹക സമിതിയംഗങ്ങൾ എന്നിവരെ കണ്ടെത്താനാണ് ഇന്നലെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ നേതൃത്വത്തിൽ ചർച്ച നടന്നത്. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
നിലവിലെ ഡി.സി.സിക്ക് 69 ഭാരവാഹികളാണുള്ളത്. ഇതിൽ നിന്ന് പുതിയ പട്ടിക കണ്ടെത്തുമ്പോൾ പകുതിപേർ പുതുമുഖങ്ങളായിരിക്കണമെന്നാണ് കെ.പി.സി.സി നിർദേശം. അപേക്ഷകരുടെ
പ്രവർത്തന മികവ്, സാമുദായിക സമവാക്യങ്ങൾ ഇവയെല്ലാം പരിഗണിച്ചു തയാറാക്കിയ പട്ടികയിൽ അന്തിമ തീരുമാനം കെ.പി.സി.സിയുടേതാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ ഭാരവാഹി നിർണയത്തിൽ പ്രതിഫലിക്കുമെന്നാണ് സൂചന.