സ്മാരകമായി സംരക്ഷിക്കണമെന്ന് നാട്ടുകാർ
അടൂർ: വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ജനിച്ചുവളർന്ന വീട് പൊളിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. മണക്കാല തുവയൂർ വടക്ക് നൂറു വർഷത്തിലേറെ പഴക്കമുള്ള കണിയാരേത്ത് കുടുംബവീടാണ് പൊളിച്ചുനീക്കാൻ ഇന്നലെ ശ്രമം നടന്നത്. അമ്മാവനും ചിത്രകാരനുമായിരുന്ന എം. കെ. രാമനുണ്ണിത്താന്റെ അടൂർ പള്ളിക്കലിലുള്ള മേടയിൽ തറവാട്ടിലാണ് അടൂർ ഗോപാലകൃഷ്ണൻ ജനിച്ചതെങ്കിലും അഞ്ചാം വയസുമുതൽ മാതാവ് ഗൗരിക്കുഞ്ഞമ്മയുടെ തുവയൂർ വടക്കുള്ള കണിയാരേത്ത് വീട്ടിലാണ് വളർന്നത്. ഇപ്പോൾ ഇവിടെ ആരും താമസിക്കുന്നില്ല.
അടൂർ ഗോപാലകൃഷ്ണന്റെ മൂത്ത സഹോദരി സരോജിനി കുഞ്ഞമ്മയ്ക്കാണ് ഇൗ വീടിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. പിന്നീട് ഇവരുടെ മകൾ മീനാകുമാരിക്കായിരുന്നു അവകാശം. ഒരുവർഷം മുമ്പ് അവർ മരിച്ചതോടെയാണ് മക്കൾ അതീവ രഹസ്യമായി വീട് പൊളിച്ച് വിൽക്കുന്നതിനുള്ള ശ്രമം നടത്തിയത്.
ഇന്നലെയെത്തിയ സംഘം ഒരുഭാഗം പൊളിക്കാൻ തുടങ്ങിയതോടെയാണ് മറ്റ് ബന്ധുക്കൾ പോലും വിവരം അറിയുന്നത്. ഇതോടെ സി.പി.എം, സി.പി.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ചു. സ്മാരകമായി സംരക്ഷിക്കേണ്ട വീട് പൊളിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. ഇതോടെ സംഘം മടങ്ങുകയായിരുന്നു.
വീട് സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴയുടെ അദ്ധ്യക്ഷതയിൽ തുടർന്ന് നാട്ടുകാർ യോഗം ചേർന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ളോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്, അടൂർ നഗരസഭാ ചെയർമാൻ ഡി. സജി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, സി.പി.ഐ ഏറത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേഷ് മണക്കാല തുടങ്ങിയവർ പങ്കെടുത്തു.
വീടും അതിനോട് ചേർന്ന 40 സെന്റ് സ്ഥലവും ഏറ്റെടുത്ത് സാംസ്കാരിക പഠന ഗവേഷണ കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.വി. കൃഷ്ണപിള്ള സ്മാരകസമിതി പ്രസിഡന്റ് പി.ബി. ഹർഷകുമാറും സെക്രട്ടറി ബാബുജോണും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി.