കൊച്ചി: ശബരിമലയിൽ വിജിലൻസ് വിഭാഗം വേണ്ടെന്നാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെങ്കിൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ ഗസ്റ്റ് ഹൗസിൽ താമസിച്ചു മടങ്ങുന്ന വിശിഷ്ടാതിഥികളുടെ പേരിൽ വ്യാജ ഭക്ഷണ ബില്ലുകൾ തയ്യാറാക്കി പണം തട്ടാനുള്ള നീക്കം വിജിലൻസ് കണ്ടെത്തിയതിനു പിന്നാലെ, വിജിലൻസിലെ രണ്ട് എസ്.ഐമാരെ പൊലീസിലേക്ക് തിരിച്ചയച്ചു. ഈ സംഭവത്തിൽ സ്വമേധയ പരിഗണിക്കുന്ന ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

പൊലീസുകാരെ തിരിച്ചയച്ചത് ഹൈക്കോടതിയെ അറിയിക്കാതിരുന്ന സർക്കാരിന്റെയും ബോർഡിന്റെയും നടപടിയെ ഹൈക്കോടതി വിമർശിച്ചു. മതിയായ ഉദ്യോഗസ്ഥരില്ലാതെ വിജിലൻസ് വിഭാഗം എങ്ങനെ പ്രവർത്തിക്കുമെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡിന്റെ ശുപാർശയില്ലാത്തതിനാലാണ് ഡെപ്യൂട്ടേഷൻ കഴിഞ്ഞതോടെ ഇവരെ മടക്കിവിളിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. ഈ നിലപാട് തെറ്റാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ടും നൽകി. തുടർന്ന് ഹൈക്കോടതി അവശ്യപ്പെട്ട വിശദീകരണത്തിന് തിങ്കളാഴ്ച വരെ സർക്കാർ സമയം തേടിയെങ്കിലും അനുവദിച്ചില്ല. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.