
കോന്നി: കാട്ടാനകളെ നാട്ടാനകളാക്കി മാറ്റിയ കഥകളുറങ്ങുന്ന കോന്നി ആനക്കൂടിന് 80 വയസ്. തിരുവതാംകൂർ സെൻട്രൽ വനം ഡിവിഷന്റെ ആസ്ഥാനമായിരുന്ന കോന്നിയിൽ 1942 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ചതാണ് ആനക്കൂട്.
കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിസരത്തെ ഒൻപത് ഏക്കറിലാണ് ആനക്കൂടുള്ളത്. ഇവിടം കേന്ദ്രമാക്കിയാണ് ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്. 1810 ലാണ് ആനപിടിത്തം തുങ്ങിയത്. 1977 ൽ നിറുത്തലാക്കി. ഇതിനിടെ നിരവധി ആനകളെയാണ് ഇവിടെ പരിശീലിപ്പിച്ചത്.
1810ൽ കോന്നി വനത്തിൽ ആനപിടിത്തം ആരംഭിക്കുമ്പോൾ മണ്ണാറപ്പാറ, മുണ്ടോംമൂഴി, തുറ എന്നിവിടങ്ങളിലാണ് വാരിക്കുഴി നിർമ്മിച്ചിരുന്നത്. കുഴിയിൽ വീഴുന്ന ആനകളെയാണ് ആനക്കൂട്ടിൽ എത്തിച്ചിരുന്നത്. ആനപിടിത്തം നിറുത്തിയ ശേഷവും പഴയ കുഴിയിൽ വീഴുന്നതും കൂട്ടംതെറ്റിപ്പോയതും പരിക്കേൽക്കുന്നതുമായ ആനകളെയും ഇവിടെ കൊണ്ടുവരാറുണ്ട്. നൂറോളം കാട്ടാനകളാണ് ഇവിടെ ചട്ടം പഠിച്ചിറങ്ങിയത്. ഇന്ത്യയുടെ സമ്മാനമായി പോർച്ചുഗലിന് നൽകിയ സംയുക്‌ത എന്ന കുട്ടിയാനയും ഈ കൂട്ടിൽ വളർന്നതാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള ആനക്കൂട് കോന്നിയുടെ പൈതൃക സ്വത്തായും പഴയകാല പ്രതാപത്തിന്റെ സ്മാരകമായും വനം വകുപ്പ് സംരക്ഷിക്കുകയാണ്. 2018 ൽആനക്കൂട്ടിൽ താപ്പാനകളുടെ സഹായത്തോടെ കയറ്റിയത് ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏവൂർ കണ്ണൻ എന്ന കൊമ്പനെയാണ്. വിതുര പേപ്പാറയിൽ ഇറങ്ങിയ അമ്മയാനെയെയും കുട്ടിക്കൊമ്പനെയും കോന്നിയിലെത്തിച്ച് താപ്പാനകളുടെ സഹായത്തോടെ കൂട്ടിൽ കയറ്റുന്നത് കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. അടുത്തിടെ റാന്നി വനം ഡിവിഷനിലെ വേലുതോട് ജനവാസമേഖലയിൽ നിന്നും ലഭിച്ച കണ്ണൻ എന്ന കുട്ടിക്കൊമ്പനെ ഇക്കോ ടുറിസം സെന്ററിൽ എത്തിച്ചെങ്കിലും ഇതുവരെ കൂട്ടിൽ കയറ്റിയിട്ടില്ല.
കമ്പകത്തിന്റെ കരുത്ത്
ആതീവ ബലവത്തായ കമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് ആനക്കൂടിന്റെ നിർമ്മാണം. ആനകൾക്ക് തകർക്കാൻ കഴിയില്ല.
12.65 മീറ്റർ നീളവും 8.60 മീറ്റർ വീതിയും ഏഴു മീറ്റർ ഉയരവുമുണ്ട്. ആറ് ആനകളെ ഒരേസമയം പരിശീലിപ്പിക്കാം. 1942 ന് മുൻപ് മഞ്ഞക്കടമ്പിലായിരുന്നു കോന്നിയിലെ ആദ്യത്തെ ആനക്കൂട്. പെരുനാട്ടിലെ ആനക്കൂട് 1922 ലും മഞ്ഞക്കടമ്പിലെയും പെരുന്തേനരുവിയിലേയും കൂടുകൾ 1942 ലും പൊളിച്ചു മാറ്റി കോന്നിയിൽ സ്ഥാപിക്കുകയായിരുന്നു.
തലയെടുപ്പിൽ ഇവർ മുന്നിൽ
. കോന്നിയിൽ പരിശീലനം പൂർത്തിയാക്കിയ പല ആനകളും പേരെടുത്തിട്ടുണ്ട്. കോന്നി കൊച്ചയ്യപ്പൻ, രഞ്‌ജി, പത്മനാഭൻ, ബാലകൃഷ്‌ണൻ, സോമൻ, വേണു, രമേശൻ, മണിഎന്നിവരാണ് ഇവരിൽ പ്രമുഖർ
1942 ൽ സ്ഥാപിച്ച ആനക്കൂടും പരിസരവും ഇപ്പോൾ ഇക്കോടൂറിസം സെന്ററിന്റെ ആസ്ഥാനം