കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ള പൈപ്പുലൈനുകൾക്ക് കേടുപാട് സംഭവിച്ചതാണ് കോഴഞ്ചേരി നിവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൊവിഡ് കാരണം ജീവനക്കാർ പലരും അവധിയായതിനാൽ അറ്റകുറ്റപ്പണിയ്ക്ക് ആളുകുറവാണെന്നാണ് അധികൃതരുടെ വാദം. ഇതുകാരണം കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. കോഴഞ്ചേരി പഞ്ചായത്തിൽ ആകെ 13 വാർഡുകളാണുള്ളത്. ഇതിൽ കുരങ്ങുമല, ചേക്കുളം, കീഴുകര, വഞ്ചിത്ര തുടങ്ങിയ വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. കുരുങ്ങുമലയിലുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ വെള്ളം ശേഖരിച്ചാണ് മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ഇത് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശം കൂടിയാണ്. കീഴുകരയിൽ നിന്നാണ് കുരങ്ങുമലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കുരങ്ങുമലയിലുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെവാൽവ് കൂടി നന്നാക്കാനുണ്ട്. ഇത് ശരിയാക്കിയാൽ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും വെള്ളം വേഗത്തിൽ എത്തിക്കാൻ സാധിക്കും. നിലവിൽ വലിയ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലമാണിത്. വെള്ളമെത്തിയില്ലെങ്കിൽ ടാങ്കറിൽ വെള്ളം ശേഖരിച്ച് വേണം ഉപയോഗിക്കാൻ. ഇന്നലെ ചീങ്കമുക്ക് ഭാഗത്തെ പൈപ്പു നന്നാക്കിയിരുന്നു. കോളനികളടക്കമുള്ള പ്രദേശമാണിത്.
...........................
"വാട്ടർ അതോറിട്ടിയോട് പൈപ്പുമാറിയിടാൻ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാർ കുറവായതിനാലാണ് അത് പൂർത്തിയാക്കാൻ സാധിക്കാഞ്ഞത്. ഉടൻ തന്നെ പൈപ്പുമാറ്റാനുള്ള ശ്രമംനടക്കുന്നുണ്ട്. പൈപ്പുശരിയായാൽ ഇവിടെ കുടിവെള്ള ക്ഷാമം അനുഭവപ്പെടില്ല.
ജിജി വർഗീസ്
(കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്)