naya

പത്തനംതിട്ട: മരക്കൊമ്പിൽ വലിയ നായയുടെ പാവയെ കെട്ടിവച്ചപ്പോൾ, തെങ്ങിലെ വെള്ളയ്ക്കകളും കരിക്കുകളും പറിച്ച് നശിപ്പിക്കുന്ന കുരങ്ങന്മാരുടെ പൊടിപോലും കാണാനില്ല.

മണിയാർ അരീക്കക്കാവ് ചൂളയ്ക്കൽ വീട്ടിൽ ബിനോയിയുടെ സൂത്രപ്പണി അയൽക്കാർക്കും ഉപകാരമായി.

കുരങ്ങന്മാർ കൂട്ടത്തോടെ വന്ന് കരിക്ക് പിരിച്ചെടുക്കന്നതിനാൽ പറമ്പിലെ തെങ്ങിൽ നിന്ന് ഒരു കായ്ഫലവും കിട്ടിയിരുന്നില്ല. വിളവ് നശിപ്പിക്കുന്ന കുരങ്ങന്മാരെയും മറ്റ് കാട്ടു മൃഗങ്ങളെയും നോക്കിയിരുന്ന് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തുരത്തുന്നതാണ് മലയോരവാസികളുടെ ശീലം. അതുകൊണ്ടൊന്നും കുരങ്ങന്മാരുടെ ശല്യം കുറയ്ക്കാനായില്ല. നായകളെയും പുലികളെയും കണ്ടാൽ കുരങ്ങന്മാർ പേടിക്കുമെന്ന് ബിനാേയിക്ക് അറിയാമായിരുന്നു. ഒരു പരീക്ഷണം നടത്തിനോക്കാമന്ന് തീരുമാനിച്ചു. നായയുടെ അത്രതന്നെ വലിപ്പമുള്ള പാവ വാങ്ങാൻ തീരുമാനിച്ചു. എറണാകുളത്ത് പോയ സന്ദർഭത്തിൽ ലുലുമാളിൽനിന്ന് അത്തരത്തിലൊന്നു കിട്ടി. വില 5500രൂപ.

പിറ്റേന്ന് മരക്കൊമ്പുകൾ ചാടിച്ചാടി വന്ന കുരങ്ങന്മാർ കണ്ടത് കൊമ്പത്ത് ഇരിക്കുന്ന നായെയാണ്. അടുത്തേക്ക് ചെല്ലാതെ, നായയെ നോക്കി കുറേനേരം ബഹളം കൂട്ടി. നായയ്ക്ക് കുലുക്കമില്ലെന്ന് കണ്ടതോടെ വന്നവഴിയേ മടങ്ങി. ഒരു മാസമായി ഈ ഭാഗത്തേക്ക് കുരങ്ങന്മാരെ കാണാനേയില്ല. എന്തായാലും വളരെ നാളുകൾക്ക് ശേഷം സ്വന്തം വീട്ടുവളപ്പിലെ തേങ്ങ അടക്കാനും ഉപയോഗിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബിനോയിയും കുടുംബവും. അയൽക്കാരുടെ കാര്യവും അങ്ങനെതന്നെ.

പക്ഷേ, ചെറിയൊരു ആശങ്കയുണ്ട്. മഴക്കാലമായാൽ, പഞ്ഞിക്കെട്ടുകൊണ്ടുള്ള നായയുടെ കോലം കുതിർന്നുപോകും. സംഗതി കുരങ്ങന്മാർ തിരിച്ചറിഞ്ഞാൽ പണി പാളും.അപ്പോൾ മറ്റേതെങ്കിലും വീട്ടുകാരോ, അല്ലെങ്കിൽ എല്ലാ വീട്ടുകാരുംകൂടി ചേർന്നോ ഒരു നായപ്പാവ വാങ്ങുമെന്ന പ്രതീക്ഷയിലാണ് ബിനോയ്.