1
അടൂരിൽ അടൂർ ഭാസി പണികഴിപ്പിച്ച ഇ വി സ്മാരകം

അടൂർ : വിവിധരംഗങ്ങളിൽ കയ്യൊപ്പ് ചാർത്തിയ മഹാപ്രതിഭകളുടെ നാടാണ് അടൂർ. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നിരവധിയാളുകളുണ്ട് ഇൗക്കൂട്ടത്തിൽ. എന്നാൽ അവരുടെ സ്മരണ നിലനിറുത്താൻ ജന്മനാട് മറക്കുകയാണ്. സ്മാരകങ്ങൾ ഒന്നുംതന്നെ ഇല്ലായെന്നതാണ് യാഥാർത്ഥ്യം. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ കുടുംബ വീട് പൊളിച്ചു വിൽക്കാനുള്ള ശ്രമം കഴിഞ്ഞദിവസം ഉണ്ടായത് നാട്ടുകാർ തടഞ്ഞതോടെ സ്മാരകങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

സാഹിത്യകാരൻ, പത്രാധിപൻ, രാഷ്ട്രീയക്കാരൻ, നിയമ വിദഗ്ദ്ധൻ എന്നിങ്ങനെ വിവിധരംഗങ്ങളിൽ പ്രശസ്തനായ ഇ.വി.കൃഷ്ണപിള്ളയാണ് അടൂരിലെ സാംസ്കാരിക പ്രതിഭകളിൽ എന്നുംമുന്നിൽ. ചേന്നംപള്ളിൽ നിന്ന് പെരിങ്ങനാട്ടേക്കുള്ള റോഡ് അറിയപ്പെടുന്നത് ഇ.വി റോഡ് എന്നാണ്. അടൂർ നഗരസഭാപരിധിയിൽ ഇ.വി സ്മാരകമെന്ന പേരിൽ ഒരു വായനശാലയുണ്ട്. ഇതിൽ ഒതുങ്ങി നാടിന്റെ ഇ.വി സ്മരണ. ഇ.വിയുടെ മകനും ചലച്ചിത്രതാരവുമായിരുന്ന അടൂർ ഭാസി അടൂർ ടൗണിൽ ഇ.വി സ്മാരകമായി ഒരു ഓഡിറ്റോറിയം പണിതെങ്കിലും പൂർത്തിയായില്ല. പിന്നീട് സ്ഥലം നഗരസഭയ്ക്ക് വിട്ടുകൊടുത്തെങ്കിലും നിയമപ്രശ്നങ്ങൾ ചൂണ്ടികാട്ടി തുടർപ്രവർത്തനം നടന്നില്ല. കോടികൾ വിലമതിക്കുന്ന സ്ഥലം ഉപയോഗമില്ലാതെ നാശവസ്ഥയിലുമായി. 400 വർഷം പഴക്കമുള്ള ഇ.വിയുടെ പെരിങ്ങനാട്ടെ ചെറുതെങ്ങലഴികത്ത് വീട് ഇപ്പോഴത്തെ അവകാശികൾ സംരക്ഷിക്കുന്നുണ്ട്. പെരിങ്ങനാട്ട് അടൂർ ഭാസി പണികഴിപ്പിച്ച കൊട്ടക്കാട്ട് വീടിനോട് ചേർന്നാണ് അടൂർ ഭാസിയുടെ അന്ത്യവിശ്രമം. ഇവിടെ ഭാസിയുടെ സ്മരണ നിലനിറുത്താൻ കുടുംബാംഗങ്ങൾ 5 സെന്റ് സ്ഥലം പള്ളിക്കൽ പഞ്ചായത്തിന് നൽകി. ഇവിടെ അങ്കണവാടിയും സാംസ്കാരിക കേന്ദ്രവും സ്ഥാപിച്ചു. അടൂർ ഭാസിക്ക് കിട്ടിയ അവാർഡുകൾ, ശില്പങ്ങൾ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനാണ് ഉദ്ഘാടനംചെയ്തത്. അവാർഡും ശില്പങ്ങളും പൊടി പിടിക്കുകയാണ്. മലയാളത്തിന്റെ താരസഹോദരിമാരെന്നറിയപ്പെട്ട അടൂർ ഭവാനിയേയും അടൂർ പങ്കജത്തിനെയും ഓർമിക്കാൻ അടൂരിൽ ഒന്നുമില്ല. അടൂർ ഭവാനിയെ അടക്കം ചെയ്ത വസ്തുപോലും ബന്ധുക്കൾ വിറ്റതോടെ സ്മരണയില്ലാതായി. ഇ.വിയുടെ സമകാലികനും കേരള ബർണാഡ്ഷ എന്നറിയപ്പെട്ട മുൻഷി പരമുപിള്ളയുടെ ഓർമകൾക്കും അടൂരിൽ ഇടമില്ല. സാഹിത്യ - സാംസ്കാരിക - ചലച്ചിത്ര രംഗത്ത് ശ്രദ്ധേയരായ നിരവധി പേർ അടൂരിലുണ്ട്. ആർക്കും ഉചിതമായ സ്മാരകമൊരുക്കാൻ കഴിഞ്ഞിട്ടില്ല.