maniyar

പത്തനംതിട്ട: നിർമ്മാണം തുടങ്ങി പത്ത് വർഷം പിന്നിട്ടിട്ടും മണിയാർ ടൂറിസം പദ്ധതി മുന്നാേട്ട് നീങ്ങുന്നില്ല. മണിയാർ ഡാമിന് മുൻവശത്ത് പദ്ധതിക്കായി അനുവദിച്ച സ്ഥലം കാടുകയറിയും സാമൂഹിക വിരുദ്ധരുടെ താവളമായും മാറി. വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാൻ മൂന്ന് കൽ മണ്ഡപങ്ങൾ പൂർത്തിയായിട്ട് എട്ട് വർഷം കഴിഞ്ഞു. അഞ്ച് കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടമായി 50 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. പ്രവേശന കവാടം, കൽമണ്ഡപങ്ങൾ, കുട്ടികളു‌ടെ പാർക്ക്, ഹട്ട്, നടപ്പാത, പവലിയൻ, ഡാമിൽ ബോട്ടിംഗ് തുടങ്ങിയവയാണ് പദ്ധതിയിൽ രൂപ കൽപ്പന ചെയ്തിരുന്നത്.

രണ്ടാംഘട്ട നിർമ്മാണത്തിനായി ഒരു കോടി അനുവദിച്ചിരുന്നെങ്കിലും പണികൾ നടന്നില്ല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് നിർമ്മാണച്ചുമതല.

ഗവി വിനോദ സഞ്ചര പദ്ധതിയുമായി കോർത്തിണക്കിയാണ് മണിയാർ ടൂറിസം പദ്ധതി രൂപകൽപ്പന ചെയ്തത്. ഡാം സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് പെരുന്തേനരുവി ടൂറിസം പദ്ധതിയും സർക്കാർ, സ്വകാര്യ ജലവൈദ്യുതി പദ്ധതികളും സന്ദർശിക്കാൻ അവസരം നൽകുന്നതായിരുന്നു മണിയാർ ടൂറിസം.

പദ്ധതിയുടെ തുടക്കത്തിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമാണ് ഡാമും പരിസരവും. ഉടമാവകാശം പി.എെ.പിക്ക് തന്നെ നിലനിറുത്തിക്കൊണ്ട് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.

മണിയാർ ഡാം കാണാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. വടശേരിക്കര -ചിറ്റാർ റോഡിൽ നിന്ന് മണിയാർ ഡാമിലേക്ക് റോഡ് തകർന്നു കിടക്കുകയാണ്.

--------------

നിർമ്മാണം തുടങ്ങിയിട്ട് 10 വർഷം

'' അടുത്ത ഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി ഇനി മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകും.

ഡി.ടി.പി.സി അധികൃതർ.