
അടൂർ : വയലുകളിൽ കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയും മാത്രമല്ല, ഉത്തരേന്ത്യൻ വിളകളും വിളയിപ്പിച്ചെടുക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഫോട്ടാഗ്രാഫറായ കടമ്പനാട് ശാൻ നിവാസിൽ സി. കെ. മണി. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ പട്ടാഴി ഏലായിലെ 60 സെന്റ് മണൽകണ്ടത്തിലാണ് ഉത്തരേന്ത്യൻ വിളകൾ വളരുന്നത്. കൊച്ചുള്ളിയും സവാളയും കാരറ്റുമൊക്കെ മട്ടുപ്പാവ് കൃഷിയിലൂടെ വിളയിച്ചെടുത്ത് വിജയിച്ചിട്ടുണ്ട് നേരത്തെ മണി.
രാസവളം ഒഴിവാക്കിയാണ് കൃഷി. നാല് വർഷം മുൻപ് മികച്ച ജൈവകർഷകനുള്ള കടമ്പനാട് ഗ്രാമപഞ്ചായത്ത് അവാർഡ് നൽകി അദരിച്ചപ്പോൾ വിമർശനങ്ങൾ ഉണ്ടായിരുന്നു. മട്ടുപ്പാവ് കൃഷിയിലൂടെയല്ല മണ്ണിലേക്ക് ഇറങ്ങിവേണം കൃഷി നടത്താനെന്നായിരുന്നു വിമർശനം. തുടർന്ന് മണി അവാർഡ് തിരികെ നൽകി. ഇതിനുള്ള മറുപടിയായാണ് സുഹൃത്ത് സൗജന്യമായി വിട്ടുനൽകിയ മണൽകണ്ടത്തിൽ കൃഷി തുടങ്ങിയത്. കാബേജ്, കോളിഫ്ളവർ എന്നിവ പൂവിട്ടുതുടങ്ങി. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, അറിബികളുടെ ഇഷ്ടവിഭവമായ ജർജീർ, ഉത്തരേന്ത്യയിൽ വിളയുന്ന പാലയ്ക്കാച്ചീര, ബേബി കോൺ, മല്ലി, വെളുത്തസവാള, ചുവന്നസവാള, ചെറിയഉള്ളി, തക്കാളി, മുളക്, വഴുതന, തിന, അമരയ്ക്ക, കുറ്റിബീൻസ് തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രേരണയ്ക്കൊപ്പം മണ്ണുത്തി കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ജലജ എസ്. മേനോന്റെ പിന്തുണയും ഇതിന് പിന്നിലുണ്ട്. വിളയ്ക്കനുസരിച്ച് മണ്ണിനെ പരുവപ്പെടുത്തിയെടുത്താൽ എല്ലാ വിളകളും നമ്മുടെ മണ്ണിലും വിളയുമെന്ന് മണി പറയുന്നു. മാരകവിഷം തളിച്ച പച്ചക്കറികൾ ഉപയോഗിച്ചതിനെ തുടർന്ന് തന്റെ ചില ബന്ധുക്കൾ കാൻസർ ബാധിച്ച് മരിച്ചതോടെയാണ് മണി ജൈവകൃഷിയിലേക്കിറങ്ങിയത്.