1
കാഞ്ഞിരപ്പാറയിൽ പുതുതായി സ്ഥാപിച്ച വാട്ടർ ടാങ്കുകൾ .

പെരിങ്ങനാട് : കാഞ്ഞിരപ്പാറ നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തംഗം എ.പി സന്തോഷിന്റെ വികസന ഫണ്ടിൽ നിന്ന് 42000 അനുവദിക്കുകയും ഈ തുക ഉപയോഗിച്ച് ടാങ്കുകളും, കുടിവെള്ള പൈപ്പുകളും സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ പതിനായിരം വീതമുള്ള മൂന്ന് ടാങ്കുകൾ ഉള്ളതിനാൽ എപ്പോഴും കുടിവെള്ളം എല്ലാ വീട്ടുകാർക്കും കിട്ടുന്ന സാഹചര്യമാണ്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടായതിനാൽ സന്തോഷത്തിലാണ് പ്രദേശവാസികൾ. പളളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാട് ചാല 15-ാം വാർഡിലാണ് കാഞ്ഞിരപാറ. പാറ നിറഞ്ഞ ഈ പ്രദേശത്ത് കിണറുകളിൽ വെള്ളമില്ല. കടുത്ത വേനലിൽ വാട്ടർ ടാങ്ക് വീടുകളിൽ വാങ്ങിവച്ച് വിലകൊടുത്ത് വെള്ളം വാങ്ങിയാണ് ഇവിടുള്ളവർ കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ നിരവധി തവണ കേരള കൗമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ കുടിവെള്ള പദ്ധതിക്ക് വർഷങ്ങൾക്ക് മുൻപ് രണ്ട് ടാങ്ക് സ്ഥാപിച്ച് പുത്തൻചന്ത മലമുകൾ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിൽ എത്തിക്കുകയായിരുന്നു.എന്നാൽ ഇതിൽ ഒരുടാങ്ക് കുറെക്കാലമായി പൊട്ടിയ അവസ്ഥയിൽ ആയിരുന്നു. പതിനായിരം ലിറ്ററിന്റെ ഒരു ടാങ്ക് മാത്രം ഉള്ളതിനാൽ ആവശ്യത്തിന് വെള്ളം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.