
പത്തനംതിട്ട: ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ബസുകളിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകാൻ എ.ഡി.എം അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയോഗം തീരുമാനിച്ചു.
പോളിടെക്‌നിക്, ഐ.ടി.ഐ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥാപന മേധാവികൾ നൽകുന്ന ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഇവയിൽപ്പെടാത്ത സ്ഥാപനങ്ങൾക്ക് എസ്.ടി.എഫ്.സിയുടെ കാർഡ് നൽകും. സ്ഥാപന പ്രതിനിധികൾക്കായിരിക്കും കാർഡ് ലഭിക്കുക. ഐ ഡി കാർഡ് ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന താലൂക്കിലുള്ള വാഹന വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ വിശദവിവരങ്ങൾ അടങ്ങുന്ന രേഖ സമർപ്പിച്ച് നിശ്ചിത ഫീസ് ഒടുക്കി കാർഡ് കൈപ്പറ്റാം. വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന യാത്രാ ദൂരം 40 കിലോമീറ്ററായി പരിമിതപ്പെടുത്തി. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്ക് അനുവദിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ഏഴുമണി വരെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും. ബസുകളിൽ ജോയിന്റ് ആർ.ടി.ഒമാർ പരിശോധന നടത്തണം. സൗജന്യ നിരക്ക് സംബന്ധിച്ച തർക്കങ്ങൾ, പരാതികൾ എന്നിവ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്ക് 9188961003 എന്ന നമ്പരിൽ നൽകാം. പ്രൈവറ്റ് ബസ് ജീവനക്കാർ യൂണിഫോമും, നെയിം ബോർഡും ധരിക്കണം.