 
മല്ലപ്പള്ളി : അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കരാറുകാരൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. കല്ലൂപ്പാറ എൻജിനിയറിങ്ങ് കോളേജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്‌റ്റീഫൻ (47) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ കരാറുകാരനായ സുരേഷ് (44) , ആൽബിൻ ജോസ് (39) എന്നിവരെയാണ് കീഴ് വായ്പ്പൂര് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കന്യാകുമാരി തെക്കല മാർത്താണ്ഡം സ്വദേശികളാണ്. ഇരുവരും ചേർന്ന് വ്യാഴാഴ്ച രാത്രി സ്റ്റീഫനെ ക്രൂരമായി മർദ്ദിച്ചതായി പൊലീസ് പറഞ്ഞു. അവശനിലയിലായ ഇയാളെ ഇന്നലെ പുലർച്ചെ നാലുമണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. പണിയുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.