തിരുവല്ല: കോഫി ഷോപ്പിൽ സുഹൃത്തിനേറ്റ അപമാനത്തിന് പകരം ചോദിക്കാൻ എത്തിയ ഗുണ്ടാനേതാവിനെ കടയുടമയുടെ നേതൃത്വത്തിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് ഗുണ്ടാനേതാവിന്റെ സഹായികൾ കോഫി ഷോപ്പ് അടിച്ചുതകർത്തു. തുകലശേരി ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസ് (27), മഞ്ഞാടി കാട്ടുപറമ്പിൽ വീട്ടിൽ രാഹുൽ (22) എന്നിവർക്കാണ് കുത്തേറ്റത്. തിരുവല്ല ബൈപ്പാസിൽ മഴുവങ്ങാട് ചിറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 11.30 നാണ് സംഘർഷമുണ്ടായത്. നെഞ്ചിന് കുത്തേറ്റ റോഷൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും കാലിന് കുത്തേറ്റ രാഹുൽ ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഇരുസംഘങ്ങളുടെയും പേരിൽ കേസെടുത്ത പൊലീസ് റോഷൻ വർഗീസിനെയും രാഹുലിനെയും സുഹൃത്തും കടയുടമയുമായ കറ്റോട് കമലാലയത്തിൽ വിഷ്ണു (23) വിനെയും അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം റോഷന്റെ സുഹൃത്ത് പുഷ്പഗിരി റോഡിൽ രാഹുലും വിഷ്ണുവും ചേർന്ന് നടത്തുന്ന കാസ്പർ കഫേയിൽ ചായകുടിക്കാൻ എത്തിയപ്പോൾ ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് ചോദിക്കാൻ കടയ്ക്ക് മുന്നിലെത്തിയ റോഷനുമായുണ്ടായ സംഘർഷത്തിലാണ് രണ്ടുപേർക്കും പരിക്കേറ്റത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.