പത്തനംതിട്ട: ട്രഷറി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പെരുനാട് സബ് ട്രഷറിയിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ഷഹീർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കുകളാണ് അന്വേഷണസംഘം കൊണ്ടുപോയത്. ഇതിലെ വിവരങ്ങൾ അന്വേഷണത്തിലെ പ്രധാന തെളിവുകളായി മാറും. പെരുനാട് സബ് ട്രഷറി ഒാഫീസറെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടണ്ട്.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയ ഷഹീർ ഒളിവിലാണ്. ഇയാളുടെ ഇൗരാറ്റുപേട്ടയിലെ വീട്ടിൽ അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല.
തട്ടിപ്പ് നടന്നത് പത്തനംതിട്ട ജില്ലാ ട്രഷറിയിലും പെരുനാട് സബ് ട്രഷറിയിലുമാണ്. ജില്ലാ ട്രഷറിയിലെ കമ്പ്യൂട്ടറുകളിലെ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പരിശോധിച്ചു. തട്ടിപ്പ് സംബന്ധിച്ച് ജില്ലാ ട്രഷറി ഒാഫീസർ പത്തനംതിട്ട പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതും ക്രൈംബ്രാഞ്ചിന് കൈമാറി. പെരുനാട്ടിലെയും പത്തനംതിട്ടയിലെയും പരാതികൾ ഒറ്റക്കേസായി അന്വേഷിക്കുമെന്നാണ് അറിയുന്നത്.
ക്രൈംബ്രാഞ്ച് , മരിച്ച പെൻഷണറുടെ മകന്റെ മൊഴിയെടുത്തു. ഇന്നലെ വൈകിട്ട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തിയാണ് മൊഴി നൽകിയത്. അക്കൗണ്ടിൽ കിടന്നിരുന്ന പണത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് അദ്ദേഹം ഉദ്യോസ്ഥരോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് പ്രതി പണം തവണകളായി തട്ടിയെടുത്തത്. ഈ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടത് എങ്ങനെയാണെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കും.