kseb

പത്തനംതിട്ട : ആറന്മുള പരപ്പുഴക്കടവിന് സമീപത്തുകൂടി 33 കെ.വി ലൈൻ പമ്പാനദിക്ക് കുറുകെ വലിക്കുന്ന നടപടി കെ.എസ്.ഇ.ബി ഉപേക്ഷിക്കും. ഇതിന് പകരമായി ആഞ്ഞിലിമൂട് പാലത്തിലൂടെ ലൈൻ വലിച്ച് പ്രശ്‌നം പരിഹരിക്കും. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ വിഭാഗം ഉന്നത ഉദ്യോഗസ്ഥരും പള്ളിയോട സേവാസംഘം ഭാരവാഹികളും പരപ്പുഴക്കടവിലെത്തി സ്ഥിതി വിലയിരുത്തി. നേവിയുടെ അഭ്യാസപ്രകടനത്തിന് ഹെലികോപ്ടർ താഴ്ത്തുന്നതുൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് നദിയുടെ കുറുകെ ലൈൻ വലിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്. പരപ്പുഴക്കടവിൽ ലൈൻ വലിയ്ക്കുന്നത് പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമാകുമെന്ന് കാട്ടി പള്ളിയോട സേവാസംഘം നേരത്തേ കെ.എസ്.ഇ.ബി അധികൃതരെ ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ.പിള്ള, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെൺപാല, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ശരത് പുന്നംതോട്ടം, ശശികുമാർ പാണ്ടനാട് എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചു.