ചെങ്ങന്നൂർ: ഒച്ചിഴയും വേഗത്തിൽ ജോലി ചെയ്താൽ ഇത്രയും ഫയലുകൾ കെട്ടികിടക്കില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ സർക്കാറിന്റെ കാലത്താണ് ചെങ്ങന്നൂർ ആർ.ഡി.ഒ. ഓഫീസിൽ 8,000 ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 2020 പകുതി മുതലാണ് ആർ.ഡി.ഒ. ഓഫീസിൽ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്. 2021 ജനുവരിയിലെ വിവരാവകാശപ്രകാരം മാത്രം 740 ഫയലുകൾ കെട്ടിക്കിടപ്പുണ്ടായിരുന്നു. കൃഷി, വില്ലേജ് ഓഫീസുകളിൽ നിന്നും അനുമതി കിട്ടി ആർ.ഡി.ഒ.ഓഫീസിൽ ഒപ്പിനായി കിടക്കുന്നവയാണ് ഭൂരിഭാഗവും. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളാണ് ചെങ്ങന്നൂർ ആർ.ഡി.ഒ. ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഫയലുകൾ ഏറെയും കെട്ടിക്കിടക്കുന്നത് കാർത്തികപ്പള്ളിയിലെയാണ്. ഭൂമി തരംമാറ്റത്തിന് പുറമെ കൊവിഡിന്റെ ആഘാതത്തിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ടതിന് ശേഷം നാട്ടിൽ പുതുസംരംഭങ്ങളും മറ്റും തുടങ്ങാനാഗ്രഹിച്ചവരുടെ ഫയലുകളും ടേബിളിലാണ്.

സർക്കാരിന് നഷ്ടം 50 കോടിക്ക് മുകളിൽ


ഭൂരിഭാഗം അപേക്ഷകളും നിലം പുരയിടമാക്കി മാറ്റാനുള്ളവയാണ്. രണ്ടു വർഷം പഴക്കമുള്ള ഫയലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ ചിലതു അദാലത്തിൽ തീർപ്പാക്കി. എന്നാൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. അപേക്ഷകൾ നീങ്ങാത്തത് മൂലം സർക്കാരിലേക്കുള്ള വരുമാനവും കിട്ടാതെയായി. ശരാശരി 50 കോടി രൂപയ്ക്കു മുകളിലെ നഷ്ടമാണ് കണക്കാക്കുന്നത്. ഡേറ്റാ ബാങ്കിൽ ഇല്ലാത്തതും, എന്നാൽ ബേസിക് ടാക്‌സ് രജിസ്റ്ററിൽ (ബി.ടി.ആർ.) നിലമായി കിടക്കുന്നതുമായ സ്ഥലം നിശ്ചിത ഫീസ് അടച്ച് പുരയിടമായി മാറ്റുന്നതിനാണ് സർക്കാർ ഉത്തരവുള്ളത്. ഇത് പ്രകാരം വസ്തുവിന്റെ ന്യായവിലയുടെ 25 ശതമാനമാണ് സർക്കാരിലേക്ക് അടയ്ക്കണം.

രാഷ്ടിയ ഇടപെടലുകൾക്ക് നിശബ്ദ പ്രതിഷേധം

ചില ഫയലുകൾ ബന്ധപ്പെട്ട മേലധികാരിക്ക് നീക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു സൂചനയുണ്ട്. സംഘടനാ നേതാവായ ഒരു ജീവനക്കാരൻ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ജീവനക്കാർക്കിടയിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം പ്രധാന ഉദ്യോഗസ്ഥർ ഓഫീസിലെത്തുന്നില്ലെന്നും പറയുന്നു. ഫയൽ കെട്ടികിടക്കുന്നതിന് പുറമേയുള്ള രാഷ്ട്രീയ സ്വാധീനങ്ങളും അപേക്ഷയുമായെത്തുന്ന പൊതുജനങ്ങളെയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നത്.

2021 ജനുവരിയിലെ വിവരാവകാശപ്രകാരം

മാത്രം 740 ഫയലുകൾ കെട്ടിക്കിടക്കുന്നു