അടൂർ : സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും മാതാപിതാക്കളും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.ഏനാത്ത് വയല എം .ജി ഭവനം വീട്ടിൽ ജിജി ജോയ് (31), പിതാവ് ജോയ് (63), മാതാവ് സാറാമ്മ (58) എന്നിവരെയാണ് അടൂർ ഡിവൈ. എസ്. പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ജനുവരി 31 നാണ് കരുനാഗപ്പള്ളി സ്വദേശിനിയായ ജിജിയുടെ ഭാര്യയും രണ്ട് മക്കളുടെ മാതാവുമായ അമ്മു (22) വിനെ ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവറായ ജിജി ജോയ് പതിനാറ് വയസുള്ളപ്പോഴാണ് അമ്മുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 17-ാം വയസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി.18 വയസ് തികഞ്ഞ ശേഷമാണ് ഒൗദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തത്. ഭർത്തൃഗൃഹത്തിലെ പീഡനം സഹിക്കവയ്യാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കാട്ടി പെൺകുട്ടികളുടെ രക്ഷിതാക്കാൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. പൊലീസ് ഇൻസ്പെക്ടർ സുജിത്ത്, എസ്. ഐ. സുരേഷ് ബാബു, സി. പി. ഒ മാരായ പുഷ്പദാസ്, കിരൺകുമാർ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.