കോന്നി: കെ.എസ്.ഇ.ബി യുടെ മീറ്റർ റീഡിംഗ് എടുക്കുകയായിരുന്ന രണ്ടു ജീവനക്കാർക്ക് നായകളുടെ കടിയേറ്റു. കോന്നി കെ.എസ്. ഇ.ബി സെക്ഷൻ ഓഫീസിലെ കെ.എസ്. ശ്രീകാന്ത്, പി.ബി പ്രദീപ് കുമാർ എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10.15ന് കൊന്നപ്പാറ, പുതുചിറക്കൽ അമീനറെ വീട്ടിൽ മീറ്റർ റീഡിംഗ് എടുക്കുമ്പോഴാണ് ശ്രീകാന്തിനെ കൂട്ടിൽ കിടന്ന നായ തുടൽ പൊട്ടിച്ചുവന്നു കടിച്ചത് . ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.45ന് അട്ടച്ചാക്കൽ, കൈതക്കുന്നു, പാലനിൽക്കുന്നതിൽ അമ്മണിയുടെ വീട്ടിൽ മീറ്റർ റീഡിംഗ് എടുക്കുമ്പോഴാണ് പ്രദീപ് കുമാറിനെ വീട്ടിലെ നായ കടിച്ചത്. ഇയാളെ കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രദീപ് കുമാറിനെ മൂന്നു മാസങ്ങൾക്ക് മുൻപ് അട്ടച്ചാക്കലിൽ മീറ്റർ റീഡിംഗ് എടുക്കുമ്പോഴും നായ കടിച്ചിരുന്നു. നായയുടെ ആക്രമണങ്ങളിൽ നീന്നും മീറ്റർ റീഡിംഗ് എടുക്കുന്ന ജീവനക്കാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ കോന്നി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.