covid

പത്തനംതിട്ട : സി കാറ്റഗറിയിൽ നിന്ന് ബി കാറ്രഗറിയിലേക്ക് മാറിയതോടെ ജില്ലയ്ക്ക് അല്പം ആശ്വസിക്കാം. പ്രവാസികളുടെ ക്വാറന്റൈൻ കൂടി ഒഴിവാക്കിയതോടെ പ്രവാസികളേറെയുള്ള ജില്ല വലിയ പ്രതീക്ഷയിലാണ്. പ്രവാസികളിൽ ഏറെപേർ ജില്ലയിലെ ആദ്ധ്യാത്മിക കൺവെൻഷനുകളിലടക്കം പങ്കെടുക്കാൻ നാട്ടിലെത്തുന്ന മാസമാണിത്.

പ്രതീക്ഷയോടെ ആദ്ധ്യാത്മിക കൺവെൻഷനുകൾ

കാറ്റഗറി മാറിയതോടെ വരുംദിവസങ്ങളിൽ നടക്കാനിരിക്കുന്ന ആദ്ധ്യാത്മിക കൺവെൻഷനുകൾക്ക് പ്രതീക്ഷയേറി. ജില്ലയിലെ എല്ലാ കൺവെൻഷനുകളും നടക്കുന്നത് ഈ മാസമാണ്. പുറത്തുനിന്നുള്ളവർ അടക്കം പങ്കെടുക്കുന്ന പരിപാടികളാണെല്ലാം.

ജില്ലയിൽ ഇന്ന് ചെറുകോൽപ്പുഴ കൺവെൻഷൻ ആരംഭിക്കുകയാണ്. തുടർന്ന് വരും ആഴ്ചകളിൽ മാരാമൺ, മാടമൺ, ഇരവിപേരൂർ തുടങ്ങിയ കൂട്ടായ്മകൾ നടക്കും. നിരവധിയാളുകൾ എല്ലാവർഷവും പങ്കെടുക്കുന്ന പരിപാടികൾ കൊവിഡ് സാഹചര്യങ്ങൾ കാരണം നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞവർഷം നടന്നിരുന്നത്. നിയന്ത്രണങ്ങൾ കുറയ്ക്കുന്നതോടെ കൂടുതൽ പേർക്ക് പങ്കെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.

തിയേറ്ററുകൾ തുറന്നു

ബി കാറ്റഗറിയായതോടെ ജില്ലയിലെ തീയേറ്രറുകളെല്ലാം തുറന്നു. വീണ്ടും സജീവമാകാനൊരുങ്ങുകയാണ് തിയേറ്ററുകൾ. കൊവിഡ് സാഹചര്യം തുടങ്ങിയപ്പോൾ മുതൽ അടച്ചിടീൽ നേരിട്ട തിയേറ്റർ മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. നിയന്ത്രണങ്ങൾ മാറ്റുന്നതോടെ ഷോ കൃത്യമായി നടത്താനുള്ള ശ്രമത്തിലാണ് തീയേറ്റർ ഉടമകൾ.

സ്കൂളുകൾ തുറന്നും അടച്ചും

2020 മുതൽ സ്കൂൾ തുറന്നു അടച്ചും ഏറ്റവും ബുദ്ധിമുട്ടിലായത് വിദ്യാർത്ഥികൾ തന്നെയാണ്. ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളെ വലച്ചിരിക്കുകയാണ്. സ്കൂൾ തുറന്നതിന് ശേഷമെത്തിയ മഴയും ഉരുൾപൊട്ടലുമെല്ലാം വിദ്യാർത്ഥികളുടെ പഠനം ബുദ്ധിമുട്ടിലാക്കി. 14 മുതൽ വീണ്ടും കുട്ടികൾ സ്കൂളിലേക്കെത്തുമ്പോൾ അവർക്കാവശ്യമായ സംരക്ഷണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും. വിവിധ സന്നദ്ധ സംഘടനകളും അദ്ധ്യാപകരും പി.ടി.എയും സാനിറ്റൈസർ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾക്ക് നൽകാനുള്ള ശ്രമത്തിലാണ്. എന്നാൽ നിലവിലെ കൊവിഡ് വ്യാപനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ ആശങ്കയിലാക്കുന്നുണ്ട്.

ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങൾ

1. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കുന്നതല്ല.

2. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം.

3. വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 ആളുകൾ.

4. ആരാധനാലയങ്ങളിൽ പരമാവധി 20 പേർ മാത്രം

ഇന്ന് നിയന്ത്രണം

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്നും ഉണ്ടാകും.

അനുമതി നൽകിയിട്ടുള്ള അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാവുന്നതാണ്.