കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ വികസനമെത്താത്ത മലയോര ഗ്രാമമാണ് പൂച്ചക്കുളം. കുടിയേറ്റ കാലമായ 1948ൽ പൂച്ചക്കുളത്തും ജനവാസം ആരംഭിച്ചു. ഇവിടുത്തെ ജനങ്ങൾക്ക് പുറംലോകത്തെത്തണമെങ്കിൽ കല്ലുകൾ നിറഞ്ഞ പാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. പ്രദേശത്തേക്ക് കടന്നുചെല്ലുന്ന പൂച്ചക്കുളം - മൺപിലാവ് റോഡിൽ പൂച്ചക്കുളം പാലം മുതൽ ജനവാസമേഖലയുടെ അവസാനംവരെ മുക്കാൽ കിലോമീറ്ററോളം കരിങ്കല്ലുകൾ അടുക്കി നിർമ്മിച്ചതാണ്. റോഡിന്റെ കുറച്ചുഭാഗങ്ങൾ മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. കൂടിയേറ്റക്കാർ സമീപപ്രദേശങ്ങളിലെ പാറകൾ പൊട്ടിച്ച് കല്ലുകൾ അടുക്കി നിർമ്മിച്ചതാണ് ഈ പാത. നാൽപ്പതു വർഷങ്ങൾക്ക് മുൻപ് നിർമിച്ച പാതയ്ക്ക് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കരുമാൻതോട് മുതൽ പൂച്ചക്കുളം പാലം വരെ കോൺക്രീറ്റ് ചെയ്ത റോഡാണുള്ളത്. കുത്തനെ കയറ്റമുള്ള ഇതുവഴി സഞ്ചാരത്തിന് ഫ്രണ്ട് ഗിയർ ജീപ്പുകൾ ആണ് ഉപയോഗിക്കുന്നത്. പൂച്ചക്കുളത്തെ ജനവാസമേഖലകളിൽ കാട്ടാന ശല്യവും രൂക്ഷമാണ്. കാട്ടാനശല്യം മൂലം പല കുടുംബങ്ങളും ഇവിടെ നിന്ന് താമസം മാറിയിട്ടുണ്ട്. രാത്രിയും പകലും ഇവിടെ കാട്ടാനകൾ ഇറങ്ങും. പൂച്ചക്കുളം വെള്ളച്ചാട്ടം പകരുന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇതുവരെ പ്രയോജപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പൂച്ചക്കുളത്ത് നിന്ന് വനമേഖലയും പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റും കഴിഞ്ഞാൽ മൺപിലാവിലെ ജനവാസമേഖലയിൽ എത്താൻ കഴിയും.