stadium
അനാഥമായി കിടക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയം

ഇളമണ്ണൂർ : ലക്ഷങ്ങൾ ചിലവഴിച്ചതല്ലാതെ ഏനാദിമംഗലത്തെ കായികപ്രേമികളുടെ ചിരകാല അഭിലാഷമായിരുന്ന സ്റ്റേഡിയം അതിന്റെ പരിപൂർണതയിൽ ഇനിയുമെത്തിയില്ല. ഒരു ഘട്ടത്തിൽ അടൂർ നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായ കായികമത്സരം നടത്താൻ വരെ ഇവിടം തിരഞ്ഞെടുത്തതാണ്. പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നുംഅനുവദിച്ച 30ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 17ലക്ഷം രൂപയും ചിലവഴിച്ച് നവീകരിച്ച് അത്യാധുനിക സ്‌റ്റേഡിയം വരുന്നു എന്നമട്ടിൽ ഉദ്ഘാടനവും നടത്തി. എന്നാൽ ജനതയുടെ കണ്ണിൽ പൊടിയിടുതിനപ്പുറം നവീകരണം പ്രതീക്ഷിച്ച രീതിയിൽ വികസിച്ചില്ല. സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ നാല് വശത്ത് മതിലുകൾ കെട്ടുകയും ഗേറ്റ് സ്ഥാപിക്കുന്നതിലുമൊതുങ്ങി നവീകരണം. സ്റ്റേഡിയത്തിന്റെ തെക്കേ മൂലയിലുള്ള ഓപ്പൺ എയർ സ്റ്റേജിന്റെ പൊട്ടിയ ഷീറ്റുകൾ പോലും മാറ്റാതെയായിരുന്നു ഉദ്ഘാടനം. കെട്ടിയ മതിലിന്റെ ഒരു ഭാഗമാകട്ടെ കഴിഞ്ഞ പ്രളയകാലത്തെ കുത്തൊഴുക്കിൽ പൂർണമായും തകരുകയും ചെയ്തു.

ഇനി ചെലവഴിക്കണം ലക്ഷങ്ങൾ

ഓപ്പൺ എയർസ്റ്റേജ് അറ്റകുറ്റപ്പണികൾ നടത്തി എടുത്താൽ പഞ്ചായത്തിലെ നിർദ്ധനരായവർക്ക് കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനാകും. സ്‌റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ മൂലം കേരളോത്സവം പോലുള്ള കായിക മത്സരങ്ങൾ സമീപ സ്ഥലങ്ങളിലെ സ്വകാര്യ സ്കൂൾ ഗ്രൗണ്ടുകളിലേക്ക് മാറ്റേണ്ട അവസ്ഥയാണ്. ഏറെ പ്രതീക്ഷയോടെയാണ് കെ.പി റോഡിന്റെ ഒാരത്ത് പഴയ തീയറ്റർ ജംഗ്ഷനു സമീപവും കിൻഫ്രപാർക്കിലേക്കുള്ള റോഡിന്റെ വശത്തുമായി സ്റ്റേഡിയം നിർമ്മിച്ചത്. മഴക്കാലത്ത് സമീപത്തുകൂടിയുള്ള തോട് കരകവിയുന്നതാണ് സ്റ്റേഡിയത്തിന്റെ ഏറ്റവും വലിയ ശാപം. നിലവിൽ കിൻഫ്രയിലേക്കുള്ള റോഡ് ഉയർത്താനുള്ള നിർമ്മാണം ആരംഭിച്ചു. കുന്നിട - ഇളമണ്ണൂർ - പൂതങ്കര - ചായലോട് റോഡ് ഉന്നത നിവലാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. സ്റ്റേഡിയം ഭാഗത്തെ റോഡ് കെ.പി റോഡിന്റെ നിരപ്പിനൊപ്പം ഉയരുന്നതോടെ സ്റ്റേഡിയം വീണ്ടും താഴ്ചയിലേക്ക് പതിക്കും. ഫലത്തിൽ സ്റ്റേഡിയത്തിൽ പന്തുരുളണമെങ്കിൽ ഇനിയും ലക്ഷങ്ങൾ ചിലവഴിക്കണം.

.......................

പഞ്ചായത്തിന്റെ തനതുഫണ്ടുകൊണ്ട് സ്റ്റേഡിയം നവീകരണം നടക്കില്ല. ജില്ലാ, ബ്ളോക്ക് പഞ്ചായത്തുകളുടേയും മറ്റ് ഏജൻസികളുടേയും എം.എൽ.എ ഫണ്ടും ലഭ്യമാക്കാനുള്ള നടപടികൾ നടന്നുവരുന്നു. ഇതിനായി വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

ആർ.രാജഗോപാലൻ നായർ,

(പ്രസിഡന്റ്, ഏനാദിമംഗലം പഞ്ചായത്ത്)