
പത്തനംതിട്ട : സഭകളുടെ ഐക്യത്തിനും വളർച്ചയ്ക്കും യോജിച്ച നേതൃത്വം നൽകാൻ മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് കഴിയണമെന്നും നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സംസ്‌കാരം ക്രിസ്തീയ വിശ്വാസസാഹചര്യത്തിൽ വളർത്തിയെടുക്കാൻ കഴിയണമെന്നും മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ.ഫാ.ടൈറ്റസ് ജോർജ്ജ് പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷനോടനുബന്ധിച്ച് നടന്ന സുവിശേഷസംഘം പ്രാർത്ഥനായോഗം ഐനാംസ് സംയുക്തസമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവർത്തനമല്ല മനപരിവർത്തനമാണ് സഭയുടെ മിഷൻ. ഇത് ഇന്നത്തെ വർഗീയ വിഭാഗീയ ചിന്തകളെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷസംഘം വൈസ് പ്രസിഡന്റ് ഫാ. ജോർജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ഫാ.തോമസ് വർഗീസ് ചാവടിയിൽ മുഖ്യപ്രഭാഷണം നടത്തി. സഭാമിഷൻ ബോർഡ് ജനറൽ സെക്രട്ടറി പ്രൊഫ. കെ.സി.മാണി, പ്രാർത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാ.ലെസ്ലി പി. ചെറിയാൻ, കൺവെൻഷൻ ചെയർമാൻ ഫാ.ഗബ്രിയേൽ ജോസഫ്, ഭദ്രാസന കൗൺസിൽ അംഗം കെ.വി.ജേക്കബ്, സുവിശേഷസംഘം ഭദ്രാസന ജനറൽ സെക്രട്ടറി വി.വി.ഏബ്രഹാം, ഐനാംസ് കേന്ദ്ര ജനറൽ സെക്രട്ടറി തോമസ് പോൾ, പ്രാർത്ഥനായോഗം ഭദ്രാസന ജനറൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
കൺവെൻഷന്റെ ഉദ്ഘാടനദിനമായ ഇന്ന് രാവിലെ 8ന് സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുർബ്ബാന, 9.30ന് മലങ്കര ഓർത്തോഡോക്‌സ് സഭ സീനിയർ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലിമ്മീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണിരാജു മുഖ്യപ്രഭാഷണം നടത്തും.10.30ന് ബാലികാ ബാലസംഗമത്തിന് സിജു തോമസ് ചങ്ങനാശ്ശേരി നേതൃത്വംനൽകും. ഉച്ചയ്ക്ക് ശേഷം 2ന് നടക്കുന്ന യുവതീയുവജന സംഗമത്തിൽ കാതോലിക്കേറ്റ് കോളേജ്ജ് അസിസ്റ്റന്റ് പ്രൊഫ. റിജോജോൺ ശങ്കരത്തിൽ ക്ലാസ്സ് നയിക്കും.