​​​​​​​​​​​​ആലപ്പുഴ: സംസ്ഥാനത്ത് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഇടപെടലുകൾ നിർണായകമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സപ്ലൈകോയുടെ പാണ്ടനാട് സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെൽ കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനും കോർപ്പറേഷന് സാധിച്ചു. ഈ സർക്കാർ നിലവിൽ വന്നശേഷമുള്ള രണ്ടു സീസണുകളിലായി നെല്ല് സംഭരിച്ച ഇനത്തിൽ മൂവായിരം കോടി രൂപയിൽ അധികമാണ് കർഷകർക്ക് നൽകിയത്. സംഭരിക്കുന്ന നെല്ലിന്റെ വില എത്രയും വേഗത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനുള്ള സംവിധാനം പരിഗണനയിലാണ്. മലയോര മേഖലയിലെ നാണ്യ വിളകൾ സംഭരിച്ച് അതിലൂടെ കർഷകർക്ക് ന്യായവില ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളുടെ സാദ്ധ്യത പരിശോധിച്ചു വരികയാണ്. റേഷൻ കടകൾ നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടമായി ആയിരം കടകളാണ് നവീകരിക്കുന്നത്. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തുന്ന 13 ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കഴിഞ്ഞ ആറു വർഷമായി വർദ്ധന ഉണ്ടായിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് സപ്ലൈകോയുടെ പ്രവർത്തനം ആധുനികവത്കരിക്കും​ മന്ത്രി പറഞ്ഞു. ഫിഷറീസ്​ സാംസ്​കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.