പ്രമാടം : പൂങ്കാവ് - പ്രമാടം മഹാദേവക്ഷേത്രം- പത്തനംതിട്ട റോഡിൽ പൊതുമരാമത്ത് വകുപ്പ് തീർത്ത വാരിക്കുഴി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പ്രമാടം നേതാജി സ്കൂളിനും വായനശാലയ്ക്കും ഇടയിലായാണ് റോഡിൽ ഭാഗികമായി വാരിക്കുഴി തീർത്തിരിക്കുന്നത്. ഓട നിർമ്മാണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇത് പൂർത്തീകരിക്കുന്നതിനോ കുഴി മൂടുന്നതിനോ അധികൃതർ തയാറായിട്ടില്ല. ഇതേ തുടർന്ന് അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി സമയങ്ങളിലാണ് കൂടുതൽ വാഹനങ്ങളും അപകടത്തിൽപ്പെടുന്നത്. റോഡ് പുന:രുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ഓട നിർമ്മിക്കാനാണ് റോഡിൽ ഭാഗികമായി വീതിയിലും ആഴത്തിലുമുള്ള കുഴിയെടുത്തത്. മഴ സമയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണിത്. എന്നാൽ ഓട വഴി എത്തുന്ന വെള്ളം അശാസ്ത്രീയമായാണ് സമീപത്തെ പാടശേഖരിലേക്ക് ഒഴുക്കി വിടുന്നതെന്ന് കാട്ടി സ്വകാര്യ വ്യക്തികൾ കോടതിയെ സമീപിച്ചതോടെ പണി മുടങ്ങി. എന്നാൽ റോഡ് പണിക്ക് കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായി ആഴ്ചകളായെങ്കിലും ഓട നിർമ്മാണം പുന:രാരംഭിക്കാൻ അധികൃതർ തയാറായിട്ടില്ല. ഈ ഭാഗം ഒഴികെയുളള ഭാഗങ്ങളിൽ റോഡ് ഉയർത്തലും വീതികൂട്ടലുമൊക്കെ പുരോഗമിക്കുന്നുണ്ട്. കുഴിയിലും സമീപത്തും കരിയിലകൾ നിറഞ്ഞ് കിടക്കുന്നത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. മറ്റ് ഓടകളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. മുടങ്ങിക്കിടക്കുന്ന ഓടയുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.