
കോഴഞ്ചേരി : 110-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് പമ്പാ മണൽപുറത്ത് വിദ്യാധിരാജനഗറിൽ തുടക്കമാകും. വൈകിട്ട് 4ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പരിഷത്ത് ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദ അനുഗ്രഹ പ്രഭാഷണവും കേരള ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് മുഖ്യപ്രഭാഷണവും നടത്തും. വൈകിട്ട് 7ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പ്രഭാഷണം നടത്തും.
7ന് രാവിലെ 10ന് തീർത്ഥപാദീയ ദർശനസഭയിൽ ചിദ് വിലാസിനി പ്രഭാഷണം നടത്തും. 3ന് മാർഗദർശനസഭയിൽ കൊളത്തൂർ അദ്വൈതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. എ.ഗോപാലകൃഷ്ണൻ, ഡോ. ടി.എസ്.വിജയൻ കാരുമാത്ര എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും.
8 ന് 3.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ദേശമംഗലം ഓംകാരാശ്രമം മഠാധിപതി നിഗമാനന്ദ തീർത്ഥപാദസ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. 9 ന് 3.30ന് അയ്യപ്പഭക്ത സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.
10ന് 3.30ന് വിദ്യാഭ്യാസസഭയിൽ വിദ്യാഭാരതി മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ. പി.കെ.മാധവൻ അദ്ധ്യക്ഷത വഹിക്കും. 7ന് കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു പ്രഭാഷണം നടത്തും. 11ന് 3.30ന് ആചാര്യ അനുസ്മരണ സഭയിൽ വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡ ധ്വജാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആചാര്യൻ ശാരദാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. 7ന് ആർ. രാമാനന്ദ് പ്രഭാഷണം നടത്തും.
12ന് 3.30ന് നടക്കുന്ന വനിതാസമ്മേളനത്തിൽ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി അദ്ധ്യക്ഷത വഹിക്കും. കളക്ടർ ദിവ്യാ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും.
13ന് 4ന് സമാപന സഭയിൽ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി.മുരളിധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപനസന്ദേശം നൽകും.
പരിഷത്ത് ഓൺലൈനിലും
കൺവെൻഷൻ പരിപാടികൾ ഓൺലൈനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിഷത്ത് നടത്തുക. 500 പേർക്കിരിക്കാവുന്ന പന്തലിൽ 200 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.