പ്രമാടം: ചന്ദനപ്പള്ളി -പൂങ്കാവ് - കോന്നി റോഡ് നിർമ്മാണത്തിലെ പരാതികൾ പരിഹരിച്ച് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.പറഞ്ഞു. ഉദ്യോഗസ്ഥരെയും കരാറുകാരെയും വിളിച്ചുവരുത്തി റോഡ് നിർമ്മാണം പരിശോധിച്ച ശേഷമാണ് എം.എൽ.എ കർശന നിർദ്ദേശം നൽകിയത്.
9.75 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എൽ.എയുടെ സന്ദർശനം.
റോഡ് നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് പൊതുജനങ്ങളും, മാദ്ധ്യമങ്ങളും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്ന് റിപ്പബ്ലിക്കൻ സ്‌കൂൾ ഭാഗത്തേക്ക് പോകുന്ന ഉപറോഡ് ഭാഗം അപകടകരമായി നിർമ്മിച്ചിരിക്കുന്നു എന്ന പരാതി ഉടൻ പരിഹരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. ഈ ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്യണം. താലൂക്ക് ആശുപത്രി മുതൽ കോന്നി ജംഗ്ഷൻ വരെയുള്ള ഭാഗം പരമാവധി വീതിയിൽ ടാർ ചെയ്യണം. വള്ളിക്കോട്ട് പൂട്ടുകട്ട പാകിയ ഭാഗവും എം.എൽ.എ സന്ദർശിച്ചു. പുട്ടുകട്ടയുടെ ക്വാളിറ്റി പരിശോധിക്കാൻ ലാബിലേക്ക് അയയ്ക്കണമെന്നും എം.എൽ.എ നിർദ്ദേശം നൽകി. പൂട്ടുകട്ട പാകിയ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും സ്വീകരിക്കണം. ഈ ഭാഗത്തെ അപകട സാദ്ധ്യതയും ഒഴിവാക്കണം.അഡ്വാൻസ് വർക്കുകൾ തിങ്കളാഴ്ച മുതലും ബുധനാഴ്ച മുതൽ ടാറിംഗ് ജോലികളുംആരംഭിക്കാമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എം.എൽ.എയ്ക്ക് ഉറപ്പുനൽകി.
ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും അലംഭാവം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എം.എൽ.എ പറഞ്ഞു. ടാറിംഗ് ജോലികൾക്ക് കാലതാമസമുണ്ടാകുന്നതിനാൽ ജനങ്ങൾ പൊടിശല്യം കാരണം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.റോഡിൽ ധാരാളം അപകടങ്ങളും സംഭവിക്കുന്നു.പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി.എൻജിനീയർ ബി.വിനു, അസി.എക്‌സി.എൻജിനീയർ എസ്.റസീന, അസി.എൻജിനീയർ എസ്.അഞ്ജു, കരാർ കമ്പനി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ
സ്ഥലത്തെത്തിയിരുന്നു.