പത്തനംതിട്ട : കൊവിഡ് ബാധിതയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. 2020 സെപ്തംബറിലാണ് കേസിനാസ്പദമായസംഭവം. തൊട്ടടുത്ത ദിവസം തന്നെ പിടിയിലായ പ്രതി നൗഫൽ അന്നുമുതൽ ജയിലിൽ ആണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പത്തൊമ്പതുകാരിയെ പന്തളത്ത് ആശുപത്രിയിലേക്ക് കൊണ്ടുവരവെ ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ആംബുലൻസ് നിറുത്തിയശേഷം നൗഫൽ പീഡിപ്പിച്ചുവെന്നതാണ് കേസ്.
കേസിന്റെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു. വിചാരണ രണ്ട് പ്രാവശ്യം തുടങ്ങുവാൻ നിശ്ചയിച്ചുവെങ്കിലും കുറ്റപത്രത്തിൽ തെറ്റുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടികാണിച്ചു. തിരുത്താൻ ഹർജി നൽകിയതിനെ തുടർന്ന് വിചാരണ മാറ്റി വച്ചു. പട്ടികജാതി, പട്ടികവർഗ പീഡനനിയമത്തിലെ വ്യവസ്ഥപ്രകാരം വിചാരണ മുഴുവൻ വീഡിയോ റെക്കോർഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഹർജി സെഷൻസ് കോടതി തള്ളി. ശേഷം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കുകയും വിചാരണ സ്റ്റേ ചെയ്യുകയും ചെയ്തു. അപ്പീൽ വാദം കേട്ടശേഷം വിധി പറയാൻ മാറ്റിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. വിശദമായി ഇന്നലെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.