
കോന്നി : ചന്ദനപ്പള്ളി - കോന്നി റോഡ് നിർമ്മാണത്തിലെ പരാതികൾ പരിഹരിച്ച് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഉദ്യോഗസ്ഥരെയും കരാറുകാരെയും വിളിച്ചു വരുത്തി റോഡ് നിർമ്മാണം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. 9.75 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്ന് റിപ്പബ്ലിക്കൻ സ്കൂൾ ഭാഗത്തേക്ക് പോകുന്ന ഉപറോഡ് അപകടകരമായി നിർമ്മിച്ചിരിക്കുന്നു എന്ന പരാതി ഉടൻ പരിഹരിക്കും. അഡ്വാൻസ് വർക്കുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്നും ബുധനാഴ്ച മുതൽ ടാറിംഗ് ജോലികൾ ആരംഭിക്കാമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പു നല്കി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി.എൻജിനീയർ ബി.വിനു, അസി.എക്സി.എൻജിനീയർ എസ്.റസീന, അസി.എൻജിനീയർ എസ്.അഞ്ജു എന്നിവർ നിർമ്മാണം വിലയിരുത്താൻ എത്തിയിരുന്നു.