ചെങ്ങന്നൂർ: ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിൽ 8,000 ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നു് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യു മന്ത്രിക്കും കളക്ടർക്കും കത്തു നൽകി. ഫയലുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളാണ് ചെങ്ങന്നൂർ ആർ.ഡി.ഒ.ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഫയലുകൾ ഏറെയും കെട്ടിക്കിടക്കുന്നത് കാർത്തികപ്പള്ളിയിലെയാണ്. ഭൂമി തരംമാറ്റത്തിനു പുറമേ കൊവിഡിന്റെ ആഘാതത്തിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ടതിനുശേഷം നാട്ടിൽ പുതുസംരംഭങ്ങളും മറ്റും തുടങ്ങാനാഗ്രഹിച്ചവരുടെ ഫയലുകളും കെട്ടിക്കിടക്കുകയാണ്. അപേക്ഷകളിൽ ഭൂരിഭാഗവും നിലം പുരയിടമാക്കി മാറ്റാനുള്ളവയാണ്. ഇവയിൽ ചിലത് അദാലത്തിൽ തീർപ്പാക്കി. അപേക്ഷകൾ നീങ്ങാത്തതു മൂലം സർക്കാരിലേക്കുള്ള വരുമാനവും കിട്ടാതെയായി. ശരാശരി 50 കോടി രൂപയ്ക്കു മുകളിലെ നഷ്ടമാണു കണക്കാക്കുന്നത്.