തിരുവല്ല: അപകടകരമാംവിധം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി ഗതാഗത തടസം പതിവാകുന്ന ഇരുവെള്ളിപ്ര, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ ജില്ലാകളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മാത്യു ടി. തോമസ് എം.എൽ.എ., നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, റെയിൽവേ അസിസ്റ്റന്റ് ഡിവിഷൻ എൻജിനീയർ ജോർജ്ജ് കുരുവിള, സീനിയർ സെക്ഷൻ എൻജിനീയർ സുനിൽകുമാർ, തഹസീൽദാർ പി. ജോൺ വർഗീസ്, പി.ഡബ്ലു.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.ബിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മോളമ്മ തോമസ്, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, അംഗങ്ങളായ ഷീജ കരിമ്പുങ്കാല, ലെജു എം. സ്‌കറിയ എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ ഉന്നയിച്ച പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെ എത്തിയ സംഘം ഒരുമണിക്കൂറിലേറെ സ്ഥലത്ത് ചെലവഴിച്ചു.
സംഘത്തിന്റെ പരിശോധനയിൽ രണ്ട് കാര്യങ്ങളിലാണ് തീരുമാനമെടുത്തത്. കഴിഞ്ഞ പ്രളയകാലത്ത് അടിപ്പാതയിൽ ഉണ്ടായ കേടുപാടുകളും ചോർച്ചയും പരിഹരിക്കുന്നതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടത്തണമെന്ന് കളക്ടർ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം പമ്പുചെയ്ത് നീക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കാനും ധാരണയായി. ഇതേക്കുറിച്ച് കൂടുതൽ വിശദമായ ചർച്ചകൾ പി.ഡബ്ല്യു.ഡി., ഇറിഗേഷൻ, റെയിൽവേ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ എല്ലാവരും കൂടിചേർന്ന് തീരുമാനിക്കും.
മഴക്കാലത്ത് ലവൽക്രോസ്
ഒരുക്കണമെന്ന് നാട്ടുകാർ
അടിപ്പാതയിൽ വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന യാത്രാദുരിതം സംബന്ധിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതികൾ കളക്ടർ ദിവ്യ എസ്.അയ്യർ നേരിട്ടുകേട്ടു. വെള്ളക്കെട്ട് മൂലം അടിപ്പാതയിലെ ഗതാഗതം തടസപ്പെടുന്ന ദിവസങ്ങളിൽ മാത്രം താത്കാലികമായി പഴയ ലെവൽക്രോസ് സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സാദ്ധ്യമല്ലെങ്കിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവും അഞ്ചുവർഷത്തിലേറെയായി വെള്ളക്കെട്ട് മൂലം യാത്രാദുരിതം അനുഭവിക്കുന്ന നാട്ടുകാർ ഉന്നയിച്ചു. എന്നാൽ ഇവ അടിയന്തരമായി നടപ്പാക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നും, റെയിൽവേ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടതിനാൽ നിലവിലെ പ്രശ്‌നങ്ങൾ റെയിൽവേ മന്ത്രാലയത്തെ അറിയിക്കുമെന്നും കളക്ടർ പറഞ്ഞു.