
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് പ്രതിരോധ ബോധവൽക്കരണ പരിപാടികളിൽ സജീവമാകാൻ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരും. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസുമായി ചേർന്നു തുടരണം ജാഗ്രത എന്ന ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൽ. അനിതാകുമാരി ഉദ്ഘാടനം ചെയ്തു.
കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ എക്‌സിബിഷൻ, സോഷ്യൽ മീഡിയ ഇടപെടലുകൾ, കുട്ടികൾക്കായി സ്‌ക്രോൾ, വീഡിയോ നിർമ്മാണ മത്സരങ്ങൾ, രോഗികളുമായി ആശയവിനിമയം, പ്രമുഖ വ്യക്തികളുടെ വീഡിയോ സന്ദേശങ്ങൾ തയ്യാറാക്കി പ്രചരിപ്പിക്കൽ, വെബിനാർ സീരീസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കും.
നാഷണൽ സർവീസ് സ്‌കീം ദക്ഷിമേഖലാ പ്രോഗ്രാം കൺവീനർ പി. ബിനു അദ്ധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ വി.എസ് ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ സി.എസ്.നന്ദിനി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എ. സുനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.ആർ ശൈലാഭായ്, എൻ.എസ്.എസ് തിരുവല്ല ആർ.പി.സി ആർ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.