
പത്തനംതിട്ട : മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 90 -ാമത് ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും. 11, 12 തീയതികളിലാണ് പ്രധാന പെരുന്നാൾ. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ആചാരങ്ങളും കർമങ്ങളും നടത്തുന്നത്. തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കും.
ഇന്ന് രാവിലെ 8ന് ദയറാ കത്തീഡ്രലിൽ മൂന്നിന്മേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സക്കറിയാസ് മാർ പീലക്‌സിനോസ് എന്നിവർ കാർമികത്വംവഹിക്കും. തുടർന്ന് കൊടിയേറ്റ്. മലങ്കര യാക്കോബായ സഭയിലെ എല്ലാദേവാലയങ്ങളിലും ഇന്ന് പാത്രിയർക്കാദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തും. വൈകിട്ട് 5.30ന് കബറിടത്തിൽ നിന്ന് കൊണ്ടുപോകുന്ന പതാക ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ മഞ്ഞനിക്കര ദയറ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉയർത്തും. തീർത്ഥാടക രഥയാത്രകൾ, തീർത്ഥാടക സംഗമം , പൊതുപരിപാടികൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കി പ്രാർത്ഥിച്ച് മടങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂട്ടംകൂടി എത്തുന്നതും കൂടുതൽ സമയം കബറിങ്കൽ നിൽക്കുന്നതിനും നിയന്ത്രണം ഉണ്ടാകും. കാൽ നടയായും വാഹനത്തിലും എത്തുന്ന തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദയറാതലവനും, പെരുന്നാൾ കമ്മിറ്റി ചെയർമാനുമായ ഗീവർഗീസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത അറിയിച്ചു.
9ന് വൈകിട്ട് 6ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിക്കും. 90 നിർദ്ധനരായവർക്ക് ഭക്ഷ്യസാധനവും വസ്ത്രവും നൽകും.
11ന് പുലർച്ചെ അഞ്ചിനു പ്രഭാത പ്രാർത്ഥനയും തുടർന്ന് കുർബാനയും നടക്കും.
വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന, തുടർന്ന് സഭയുടെ മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് അവാർഡുകൾ വിതരണം ചെയ്യും.
12ന് പുലർച്ചെ മൂന്നിന് മഞ്ഞനിക്കര മാർ സ്‌തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന നടക്കും.
5.45ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഐസക് മാർ ഒസ്താത്തിയോസ്, ഏലിയാസ് മാർ യൂലിയോസ്, തോമസ് മാർ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തമാർ കാർമികരാകും. 8.30ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, ആശിർവാദം എന്നിവയോടെ പെരുന്നാൾ സമാപിക്കും.