റാന്നി : പെരുനാട് പഞ്ചായത്തിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് ജെ.ജെ.എം സ്‌കീമിൽ 12.6 കോടി രൂപയുടെ ടെൻഡർ നടപടികളായതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 2838 വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഇതുവഴി നടപ്പാക്കുക. ആവശ്യമുള്ള സ്ഥലങ്ങളിൽ പൈപ്പുലൈനുകൾ നീട്ടി നൽകുകയും ചെയ്യും. ഇതോടൊപ്പം ജലവിഭവ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ അധികമായി വന്ന 3.3 കോടി രൂപ ഉപയോഗിച്ച് ശേഖര കിണർ, ട്രാൻസ്‌ഫോർ എന്നിവ നിർമ്മിക്കുന്ന പദ്ധതികളും നടന്നു വരുന്നു. പെരുനാട് അത്തിക്കയം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതിയാണ് പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി. പെരുനാട്ടിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം താലികരയിലെത്തിച്ച് അവിടുത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ വച്ച് ശുദ്ധീകരിച്ചശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. മിനറൽ വാട്ടർ നിലവാരത്തിലുള്ള കുടിവെള്ളമാണ് ഇതുവഴി ജനങ്ങൾക്ക് എത്തിച്ചു നൽകുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം കീഫ്ബിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയിരുന്നു. 3.31കോടി രൂപ മുതൽ മുടക്കി രണ്ടാംഘട്ടത്തിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയിൻ പൈപ്പുകൾ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നു.