leprosy

പത്തനംതിട്ട : ദേശീയ കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. കുഷ്ഠരോഗ നിർമ്മാർജന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനും അതുവഴി പത്തനംതിട്ട കുഷ്ഠരോഗ വിമുക്ത ജില്ല ആകുവാനും എല്ലാവരുടെയും സഹകരണം വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാകുമാരി അറിയിച്ചു. മുത്തൂറ്റ് കോളേജ് ഒഫ് നഴ്‌സിംഗ് പത്തനംതിട്ട, കോഴഞ്ചേരി, സ്‌കൂൾ ഒഫ് നേഴ്‌സിംഗ് പന്തളം, എ.എം.എം ടി.ടി.ഐ കോഴഞ്ചേരി എന്നിവിടങ്ങളിൽ നടന്ന ക്ലാസുകൾക്ക് ഡോ. രചന ചിദംബരം (ഡെപ്യൂട്ടി ഡി.എം.ഓ), എ.ആബിദാ ബീവി. (അസിസ്റ്റന്റ് ലെപ്രസി ഓഫീസർ), ശ്രീകുമാർ (നോൺ മെഡിക്കൽ സൂപ്പർവൈസർ), ആർ. ദീപ, ഷൈല ബായി (ഡെപ്യൂട്ടി മീഡിയ ഓഫീസർ )എന്നിവർ നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽമാരായ ഡോ. കിരുബ, സിനു, എസ്. ഗിരിജ ദേവി, മിനി. എം. ജോർജ് എന്നിവർ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലയിൽ 7 രോഗികൾ ചികിത്സയിൽ ഉണ്ട്. ത്വക്കിൽ ഉണ്ടായേക്കാവുന്ന ചുവന്നതോ, ചെമ്പിന്റെ നിറത്തിലുള്ളതോ, നിറം മങ്ങിയതോ, സ്പർശന ശേഷി കുറഞ്ഞതോ,ഇല്ലാത്തതോ ആയ പാടുകൾ , ബാഹ്യ ഞരമ്പുകളിൽ തടിപ്പും വേദനയും ശരീര ഭാഗങ്ങളിൽ മരവിപ്പ്, ദീർഘകാലമായി ഉണങ്ങാത്ത വൃണങ്ങൾ,ലബോറട്ടറി പരിശോധനയിൽ രോഗാണുവിന്റെ സാന്നിധ്യം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ.