പത്തനംതിട്ട : ജില്ലാകോടതി സമുച്ചയത്തിന് സ്ഥലം ഏറ്റെടുക്കാൻ അനുമതി ലഭിച്ച് ആറ് വർഷമായിട്ടും നടപടിയായില്ല. വിവിധ കോടതികൾക്ക് സ്വന്തം കെട്ടിടസമുച്ചയം എന്ന പദ്ധതി എന്ന് സഫലമാകുമെന്ന കാത്തിരിപ്പിലാണ് ജുഡീഷ്യൽ സംവിധാനം. പത്തനംതിട്ട നഗരത്തിൽ മേലേവെട്ടിപ്രത്ത് റിംഗ് റോഡിന്റെ വശത്തായി ആറ് ഏക്കർ സ്ഥലം കോടതി കെട്ടിടത്തിനായി ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നതാണ്. തുടർന്ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ 2016 ആഗസ്റ്റിൽ ചേർന്ന യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ജില്ലാഭരണകൂടത്തോട് നിർദേശിച്ചിരുന്നു.
പത്തനംതിട്ട കോടതി സമുച്ചയം എന്ന ആശയത്തിന് പത്ത് വർഷത്തോളം പഴക്കമുണ്ട്. 2012 ലാണ് പത്തനംതിട്ടയിൽ കോടതി സമുച്ചയം എന്ന നിർദേശം ബാർ അസോസിയേഷൻ മുന്നോട്ടുവച്ചത്. അന്നത്തെ എം.എൽ.എ കെ.ശിവദാസൻനായർ റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് നിവേദനം നൽകി. ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി, ജില്ലാജഡ്ജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മേലേവെട്ടിപ്രത്തെ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
2016ലെ ബഡ്ജറ്റിൽ കോടതി സമുച്ചയത്തിന് 50 കോടി രൂപ വകയിരുത്തി. സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി വില നിർണയത്തിന്റെ പേരിൽ സ്ഥലം ഉടമകളുമായുള്ള തർക്കം പരിഹരിക്കപ്പെടാതെ പോയതാണ് പദ്ധതിനീളാൻ കാരണമായത്. നാല് പേരുടെ ഉടമസ്ഥതകളിലാണ് നിർദിഷ്ടസ്ഥലം.
ഇതിനിടെ, അഞ്ചക്കാല മുരുപ്പിലെ പുറമ്പോക്ക് സ്ഥലത്ത് കോടതി സമുച്ചയം നിർമ്മിക്കണമെന്ന വാദവുമായി ഒരു വിഭാഗം അഭിഭാഷകർ രംഗത്തുവന്നിരുന്നു. ഒടുവിൽ മേലേവെട്ടപ്രത്ത് തന്നെ നിർമ്മിക്കാൻ തീരുമാനമായി. സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭചെലവുകൾക്കായി
ഒരുകോടി രൂപ അനുവദിച്ചിരുന്നതാണ്. കഴിഞ്ഞവർഷം ജനുവരിയിൽ പദ്ധതിക്ക് ആഭ്യന്തര വകുപ്പിന്റെയും അനുമതി ലഭിച്ചതാണ്. പിന്നീട് കാര്യമായ നടപടികൾ ഉണ്ടായില്ല.
അടുത്തിടെ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ജില്ലാവികസനസമിതി യോഗങ്ങളിൽ രണ്ടുതവണ വിഷയം ഉന്നയിക്കുകയും സ്ഥലംഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
13 കോടതികൾ
ജില്ലാആസ്ഥാനത്ത് 13 കോടതികളാണ് പ്രവർത്തിക്കുന്നത്. പ്രധാന കോടതികൾ മിനി സിവിൽ സ്റ്റേഷനിലും മറ്റുള്ളവ പലകെട്ടിടങ്ങളിലുമായാണ്. ഇതെല്ലാം ഒറ്റകെട്ടിടത്തിലാകുന്നത് സൗകര്യപ്രദമാകുമെന്ന് പൊതുജനങ്ങൾക്കും അഭിഭാഷകർക്കും അഭിപ്രായമുണ്ട്. കോടതി കെട്ടിടസമുച്ചയം പൂർത്തിയായാൽ ജില്ലാആസ്ഥാനത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഒാഫീസുകൾക്ക് മിനിസിവിൽ സ്റ്റേഷനിലേക്ക് മാറാം.