കോന്നി: വേനൽ കടുത്തതോടെ മലയോരമേഖലകളിൽ വേനൽക്കാല രോഗങ്ങളും വ്യാപിക്കുന്നു. ഉഷ്ണത്തോടൊപ്പം വായു ജലജന്യ രോഗങ്ങളുമായാണ് എല്ലാവർഷവും വേനൽ ശക്തമാകുന്നത്. വേനലിൽ അമിത വിയർപ്പു മൂലം ശരീരത്തിലെ ജലം നഷ്ടപ്പെടുകയും ഇതുവഴി നിരവധി അസുഖങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ചിക്കൻപോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങൾ, നേത്ര രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് നാട്ടിൽ കണ്ടുവരുന്ന വേനൽക്കാല രോഗങ്ങൾ. ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങൾ എന്നിവ പിടിപെടാൻ ഈ കാലാവസ്ഥയിൽ സാദ്ധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. കൊതുകുകളെ നശിപ്പിക്കാൻ ജനങ്ങൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൂടുതൽ സമയം തീവ്രമായ ചൂടുകൊള്ളുമ്പോൾ തലവേദന, ഛർദി, ക്ഷീണം, ബോധക്ഷയം നെഞ്ചിടിപ്പ് വർദ്ധിക്കുക എന്നി ലക്ഷണങ്ങൾ കണ്ടാൽ അത് സൂര്യാഘാതം മൂലമാകാം. ചെങ്കണ്ണ് പോലുള്ള കണ്ണുരോഗങ്ങൾ വേനൽകാലത്ത് അധികമായി കാണാറുണ്ട്. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. പാകം ചെയ്ത ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ചൂടുകാലത്ത് ശരീരത്തിൽ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും ശരീരത്തിൽ കൂടുതൽ ജലാംശം നിലനിറുത്തുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുക എന്നിവയിലൂടെ നിർജലീകരണം തടയാൻ കഴിയും സോഡിയം പൊട്ടാസ്യം തുടങ്ങിയവ വിയർപ്പിലൂടെ നഷ്ടപ്പെട്ടാൽ ശരീരം പെട്ടന്ന് ക്ഷീണിക്കും.നിർജലീകരണം വൃക്കകൾ, തലച്ചോറ്, എന്നിവയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ് ഇത് നീരവധി ആരോഗ്യപ്രശ്ങ്ങൾക്കും കാരണമായേക്കാം.