webinar

തിരുവല്ല : പ്രീസ്കൂൾ വിദ്യാഭ്യാസ വികസനത്തിന് വിവിധ ഏജൻസികളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് വെബിനാർ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പ്രീസ്കൂൾ വികസനം എന്ന വിഷയത്തിലാണ് ജില്ലാതല വെബിനാർ സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ വെബിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ.വിജയമോഹനൻ വിഷയാവതരണം നടത്തി. ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാൽ മോഡറേറ്ററായി. ജില്ലയിലെ പ്രീസ്കൂൾ വികസനത്തിനായി ഭൗതിക സൗകര്യങ്ങൾ, പഠനോപകരണങ്ങളുടെ ലഭ്യത, അദ്ധ്യാപക പരിശീലനങ്ങൾ എന്നിവയിൽ സമഗ്രശിക്ഷാ കേരളം കൂടുതൽ ശ്രദ്ധപതിപ്പിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പി.ടി.എകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ കൂടുതൽ സഹായം ഉറപ്പുവരുത്തണമെന്നും വെബിനാറിൽ അഭിപ്രായമുയർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ബീനാ റാണി കെ.എസ് മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷ കേരള ജില്ലാപ്രോജക്ട് കോർഡിനേറ്റർ ജയലക്ഷ്മി എ.പി, പ്രോഗ്രാം ഓഫീസർ ലെജുജോസഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാകോർഡിനേറ്റർ രാജേഷ്.എസ്, എസ്.എസ്.കെ ജില്ലാപ്രോഗ്രാം ഓഫീസർ എ.കെ.പ്രകാശ്, നെടുമൺകാവ് ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിജി വർഗീസ്, പൂഴിക്കാട് ഗവ.യു.പി.എസ് പ്രീപ്രൈമറി ടീച്ചർ ശിവരഞ്ജിനി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.