park
അഞ്ചിലവ് പാർക്ക്

കല്ലൂപ്പാറ: പഞ്ചപാണ്ഡവരുടെ സ്മരണകൾ ഉറങ്ങുന്ന അഞ്ചിലവ് സായാഹ്ന പാർക്ക് അവഗണനയിൽ. വനവാസകാലത്ത് പാണ്ഡവർ അഞ്ചു പേരും ഈ സ്ഥലത്ത് കൂടെ കടന്നുപോയെന്നും അവർ വടിയായി ഉപയോഗിച്ച ഇലവിന്റെ കമ്പുകൾ ഇവിടെ നാട്ടിയെന്നും അവ വളർന്നു അഞ്ചിലവായി മാറിയെന്നും കാലക്രമത്തിൽ ഈ സ്ഥലത്തിന് അഞ്ചിലവ് എന്ന പേരു ലഭിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. കാലാന്തരത്തിൽ നശിച്ചുപോയ ഇലവ് മരത്തിന്റെ സ്ഥാനത്ത് പുതുശേരി എം.ജി.ഡി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി.ജോർജ് ഇരുമേടയുടെ നേതൃത്വത്തിൽ പുതിയ ഇലവ് മരങ്ങൾ നട്ടുപിടിപ്പിച്ചു. ഈ മരങ്ങളിൽ നാലെണ്ണമാണ് ഇപ്പോൾ ഇവിടെയുള്ളത്. തണലേകി നിൽക്കുന്ന ഇലവ് മരങ്ങൾക്ക് താഴെ വൃത്തിയാക്കി ഇരിപ്പിടങ്ങളും സജ്ജമാക്കി. അഞ്ചിലവ്‌ പാർക്ക് ഒരുക്കുകയും ചെയ്തു. വൈകുന്നേരങ്ങളിൽ മുതിർന്ന പൗരന്മാർ ഇവിടെ വിശ്രമിക്കുന്നതും പതിവായിരുന്നു. എന്നാലിപ്പോൾ സംരക്ഷണമില്ലാതെ പാർക്ക് കോലംകെട്ടു. പാർക്കിനുള്ളിൽ ചപ്പ് ചവറുകളും ഒഴിഞ്ഞ കുപ്പികളും പാഴ്വസ്തുക്കളും നിറഞ്ഞു കിടക്കുന്നു. പാഴ്ച്ചെടികൾ നിറഞ്ഞു നിൽക്കുന്നതിനാൽ ആളുകൾക്ക് പ്രവേശിക്കാനും പ്രയാസമാണ്. പാർക്ക് ശുചിയാക്കി സജീവമായി നിലനിറുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

പാർക്ക് പുനരുദ്ധരിക്കണം
അഞ്ചിലവ്‌ പാർക്കിൽ കുടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചും ചെടികൾ നട്ടുപിടിപ്പിച്ചും ചുറ്റുമതിൽ ഒരുക്കിയും അടിയന്തരമായി പാർക്ക് പുന:രുദ്ധരിച്ച് ഉപയോഗപ്രദമാക്കണമെന്ന് ഹാബൽ ഫൗണ്ടേഷൻ യോഗം അധികൃതരോടാവശ്യപ്പെട്ടു.

ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. റവ.ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. ഷിബു പോൾരാജ്, മത്തായി ജോൺ, പി.എസ്. തമ്പി, റോയ് വറുഗിസ്, കെ.സി.ജോൺ, സാലി ചാക്കോ എന്നിവർ പ്രസീഗിച്ചു.