ajmal
ഒന്നാം പ്രതി അജ്മൽ

അടൂർ : ലോഡ്ജിൽ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്ന് യുവാക്കളെ ഏഴംകുളം എംസൺ ലോഡ്ജിൽ നിന്ന് ഡാൻസാഫ് ടീം പിടികൂടി അടൂർ പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആന്റി നർക്കോട്ടിക് സെപ്ഷ്യൽ ആക്ഷൻഫോഴ്സ് നോഡൽ ഓഫീസർ ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് യുവാക്കൾ പിടിയിലായത്. പറക്കോട് സുബൈൽ മൻസിലിൽ അജ്മൽ (26), ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് വയല തോട്ടിറമ്പിൽ മുനീർ (24), അറുകാലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത്‌ താഴതിൽ അർഷാദ് (24) എന്നിവരാണ് പിടിയിലായത്. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീന്റെ നേതൃത്വത്തിൽ അറസ്​റ്റ് രേഖപ്പെടുത്തി. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ മുറിയിലെ മെത്തയ്ക്കടിയിൽ ഒളിപ്പിച്ചനിലയിൽ 103 ഗ്രാം കഞ്ചാവ് കണ്ടെത്തി. ലോറിയിലെ തൊഴിലാളികൾ എന്ന നിലയിലാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ലോറി ഉടമ രാജീവാണ് മുറിയെടുത്ത് നൽകിയത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കായുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് യുവാക്കൾ സമ്മതിച്ചു. പരിശോധനയിൽ കഞ്ചാവ് പൊതിയാനായി ഉപയോഗിക്കുന്ന 30 പ്ളാസ്റ്റിക് കവറുകളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.