മഞ്ഞിനിക്കര : മാർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമത് ഓർമപ്പെരുന്നാളിന് മഞ്ഞിനിക്കര ദയറായിൽ കൊടിയേറി. ഇതോടനുബന്ധിച്ച് യാക്കോബായ സുറിയാനി സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയർക്കാ പതാകയും ഉയർത്തി.
ദയറ കത്തീഡ്രലിൽ ഇന്നലെ രാവിലെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയാസ് മാർ പീലക്‌സിനോസ് എന്നിവർ കാർമികത്വം വഹിച്ചു. ദയറാ അങ്കണത്തിൽ മെത്രാപ്പോലീത്തമാർ ചേർന്ന് കൊടിയേറ്റി. ഓമല്ലൂർ കുരിശിങ്കലിൽ ദയറ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയും കൊടിയേറ്റി. മഞ്ഞനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
ഇന്നു മുതൽ 10 വരെ പുലർച്ചെ അഞ്ചിന് പ്രഭാത പ്രാർത്ഥന, വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർത്ഥന എന്നിവ നടക്കും. 11, 12 തീയതികളിലാണ് പ്രധാന പെരുന്നാൾ. കൊവിഡ് മാനദണ്ഡം പാലിച്ച് സംഘടിതമായ തീർത്ഥാടന യാത്രകൾ നിരോധിച്ചിട്ടുണ്ട്. കൂട്ടം കൂടാതെ കബറിങ്കലും ദേവാലയത്തിലുമെത്തി പ്രാർത്ഥിക്കാൻ അവസരമുണ്ടാകുമെന്ന് പെരുന്നാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.