gunda

ഗുണ്ടകൾക്ക് പഞ്ഞമില്ലാത്ത നാടായി പത്തനംതിട്ട. ഗുണ്ടകളുടെ കണക്ക് പുറത്തു വന്നപ്പോൾ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ തിരുവനന്തപുരവും കൊല്ലവുമാണ്. പത്തനംതിട്ട ജില്ലയിലെ ആകെ ഗുണ്ടകളുടെ എണ്ണം 461 ആണ്. പുതിയ ഗുണ്ടകൾ 171. പൊതുവേ സമാധാനത്തിന്റെ നാടായ ജില്ലയിൽ ഇത്രയും ഗുണ്ടകളുണ്ടോയെന്ന് ആശ്ചര്യപ്പെടുകയാണ് നാട്ടുകാർ. തൊട്ടു മുന്നിൽ കാണുന്ന അപരിചതൻ ഗുണ്ടയാകുമോ എന്ന സംശയിക്കുന്നവരെ കുറ്റം പറയാനുമാവില്ല. കാപ്പാ പരിധിയിലുള്ളവരും ഗുണ്ടാപ്പട്ടികയിലുണ്ട്. ഗുണ്ടാപ്പട്ടികയിൽ എത്രപേരുണ്ടെന്നു ചോദിച്ചാൽ ജില്ലയിലെ പൊലീസ് ഏമാൻമാർ ഉത്തരം നൽകാറില്ലായിരുന്നു. കണക്കെടുപ്പ് തുടരുന്നു, പട്ടിക തരംതിരിക്കുന്നു എന്നൊക്കെയാണ് മറുപടി. ആരോടും മിണ്ടരുതെന്ന് ജില്ലയിലെ ക്രൈം റെക്കോർഡ്സ് ബ്യൂറാേയ്ക്ക് മുകളിൽ നിന്ന് കൽപ്പന കിട്ടിയിട്ടുള്ളതു പോലെയാണ് സംസാരം.

കഴിഞ്ഞ ദിവസം പൊലീസിന്റെ സംസ്ഥാന ആസ്ഥാനത്തുനിന്ന് പുറത്തു വന്ന കണക്കുകളിലാണ് ജില്ലയിലെ ഗുണ്ടകളുടെ വിവരങ്ങൾ ഉള്ളത്. തിരുവല്ല നഗരം കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ ഗുണ്ടകൾ 61. രണ്ടാമത് പത്തനംതിട്ട നഗരമാണ് 54. ഗുണ്ടകളുടെ കണക്കിൽ ജില്ല ഒന്നാമതാണെങ്കിലും ഗുണ്ടാ ആക്രമണങ്ങളുടെ കാര്യത്തിൽ പിന്നിലാണ്. ജില്ലയിലെ ഗുണ്ടകൾക്ക് പിന്നെ എവിടെയാണ് ജോലി എന്നന്വേഷിക്കുകയാണ് പൊലീസ്. ക്വട്ടേഷൻ ഇടപാടിന്റെ ഭാഗമായി സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ജോലി ചെയ്യുന്നവരാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നു. 461 ഗുണ്ടകളും പൊലീസിന്റെ നിരീക്ഷണത്തിലെന്ന് പറയാനാവില്ല. ചിലർ ജയിലിലാണ്. മറ്റു ചിലർ പുറത്തിറങ്ങി നടക്കുന്നു. കുറച്ചുപേർ രാഷ്ട്രീയ പാർട്ടികളുടെ തണലിൽ വിഹരിക്കുന്നു. പത്തനംതിട്ടയിലും തിരുവല്ലയിലുമാണ് ജില്ലയിൽ കൂടുതൽ ഗുണ്ടാ ആക്രമണങ്ങൾ നടക്കാറുള്ളത്. പത്തനംതിട്ടയ്ക്ക് അടുത്ത് പ്രമാടത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘങ്ങളാണെന്ന് പൊലീസ് അനുമാനിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ പോറ്റി വളർത്തുന്ന ഗുണ്ടകൾ ജില്ലയിൽ സ്വൈര വിഹാരം നടത്തുന്നുണ്ട്. കേസിൽ അകപ്പെട്ടാൽ പാർട്ടി നേതാക്കൾ സംരക്ഷിച്ചോളുമെന്ന ഉറപ്പിലാണ് ഗുണ്ടകൾ തലങ്ങും വിലങ്ങും പായുന്നത്.

കഞ്ചാവും ലഹരിമരുന്നും വരുമാനമാർഗം

ജില്ലയിലെ ഗുണ്ടാസംഘങ്ങളുട‌െ പ്രധാന വരുമാനമാർഗം കഞ്ചാവും ലഹരി മരുന്നും വിൽപ്പന നടത്തിയാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ നഗരത്തിൽ നടന്ന തർക്കം ഭീതി പടർത്തിയിരുന്നു. നഗരത്തിലെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങി തർക്കമുണ്ടായതിനെ തുടർന്ന് രണ്ട് ഗ്രൂപ്പായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും വിവിധ ബൈക്കുകളിലായി രക്ഷപെട്ടു. മണ്ണാറമലയിൽ ഒരാളുടെ വീട് തകർക്കുകയും ചെയ്തു. പ്രമാടത്തെ ഏറ്റുമുട്ടലിന് പിന്നാലെ നഗരത്തിലുണ്ടായ സംഘർഷം പൊലീസിന് തലവേദനയായി. രാത്രിയിൽ എ.ആർ ക്യാമ്പിൽ പൊലീസിനെ വിന്യസിച്ചാണ് ഗുണ്ടാ വിളയാട്ടം തടഞ്ഞത്. പുലരുവോളം പൊലീസ് നഗരത്തിൽ പരിശോധന നടത്തിയെങ്കിലും ഗുണ്ടകളെ കണ്ടെത്താനായില്ല.

ഗുണ്ടാ സംഘങ്ങളുടെ കഞ്ചാവ് കച്ചവടം അർദ്ധരാത്രിയോടെയാണ്. ന്യൂ ജെൻ ബൈക്കുകളിൽ പറന്ന് ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നു. കഞ്ചാവ് കടത്തിന്റെ ഉത്‌ഭവം പൊലീസിനും എക്സൈസിനും വ്യക്തമായി അറിയാമെങ്കിലും പരിശോധനയോ അറസ്റ്റ് ഉണ്ടാകാറില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളുകളായാണ് സംഘങ്ങൾ അറിയപ്പെടുന്നത്. യുവജന സംഘടനകളുടെ പ്രാദേശിക കമ്മറ്റികളിൽ ഇവർ ഭാരവാഹികളാണെങ്കിലും കമ്മറ്റികളിൽ പങ്കെടുക്കാറില്ല. പാർട്ടികളുടെ ഏതെങ്കിലും പരിപാടികളുടെ ചുമതല നിർവഹിക്കാറില്ല. അടുത്തിടെ, കൊടുമണ്ണിൽ സി.പി.എം-സി.പി.ഐ സംഘർഷത്തിൽ സി.പി.ഐ പ്രവർത്തകരെ നടുറോഡിലിട്ട് മർദ്ദിച്ച സംഘത്തിൽ കഞ്ചാവ്, മയക്കുമരുന്ന് മാഫിയയും ഉണ്ടായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.

വിവിധ നഗരങ്ങളിൽ ലോഡ്ജുകളിൽ മുറിയെടുത്താണ് ഗുണ്ടാസംഘങ്ങൾ കഞ്ചാവ് വിൽപ്പനയിലൂടെ വരുമാനം കൊയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്ന് യുവാക്കളെ ഏഴംകുളത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയിരുന്നു. ലോറി ഡ്രൈവർമാർ എന്ന വ്യാജേന മുറിയെടുത്താണ് ലോഡ്ജിൽ തങ്ങിയത്. മെത്തക്കടിയിൽ ഒളിപ്പിച്ച 103 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പരിശോധനയിൽ കഞ്ചാവ് പൊതിയാനുപയോഗിച്ച 30 പ്ളാസ്റ്റിക് കവറുകളും കണ്ടെത്തിയിരുന്നു.

ഗുണ്ടാസംഘങ്ങളെ ചെലവ് കൊടുത്ത് വളർത്തുന്നതിന് പാർട്ടികൾ നേരിട്ട് പണം മുടക്കാറില്ല. കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പന നടത്താൻ സൗകര്യമൊരുക്കുകയും പിടിക്കപ്പെട്ടാൽ കേസ് ചാർജ് ചെയ്യിക്കാതെ പുറത്തിറക്കുകയും ചെയ്യുകയാണ് നേതാക്കൾ.

പത്തനംതിട്ട ആദ്ധ്യാത്മികതയുടെ നാടാണ്. ശബരിമല തീർത്ഥാടനം കഴിഞ്ഞതിന് പിന്നാലെ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനും മധ്യതിരുവിതാംകൂർ ഒർത്തഡോക്സ് കൺവെൻഷനും മഞ്ഞിനിക്കര പെരുന്നാളും നടന്നു വരികയാണ്. അടുത്ത ദിവസം പ്രശസ്തമായ മാരാമൺ കൺവെൻഷൻ ആരംഭിക്കും. അതുകഴിഞ്ഞ് മാടമൺ ശ്രീനാരായണ കൺവെൻഷൻ.

ആത്മജ്ഞാനവും സത്യധർമ്മങ്ങളും ശാന്തിയും പ്രകാശിപ്പിച്ച് നന്മയുടെ വഴിവെളിച്ചത്തിലൂടെ സഞ്ചരിക്കാൻ മനുഷ്യമനസിനെ പ്രാപ്തമാക്കുന്ന ആദ്ധ്യാത്മിക പരിപാടികൾ അരങ്ങേറുമ്പോൾ മറുവശത്ത് ചെറുപറ്റം ഗുണ്ടകൾ നാടിന്റെ സമാധാനത്തിന് ഭീഷണിയാകുകയാണ്. പൊലീസ്, ഭരണ സംവിധാനങ്ങൾ സമയോചിതമായി ഉണർന്നില്ലെങ്കിൽ കൊടുംക്രിമിനലുകൾക്ക് അരങ്ങ് വാഴാൻ തണലൊരുക്കുന്നതിന് വലിയ വില കൊടുക്കേണ്ടിവരും.