കോഴഞ്ചേരി : ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും പകർന്നുനൽകിയ ദർശനങ്ങൾ വിദ്യാർത്ഥികളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. നൂറ്റിപത്താമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മഹാത്മാക്കൾ മുന്നോട്ടുവച്ച കാര്യങ്ങളെപ്പറ്റി യഥോചിതം ചിന്തിക്കാൻ, പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കാൻ നമുക്ക് സാധിച്ചോ എന്ന ചോദ്യം മുന്നിലുണ്ട്. ചട്ടമ്പിസ്വാമിയെക്കുറിച്ചും ശ്രീനാരായണഗുരുദേവനെക്കുറിച്ചും സ്വാമിവിവേകാനന്ദനും ടാഗോറും പറഞ്ഞത് ചരിത്രത്തിന്റെയും കരിക്കുലത്തിന്റെയും ഭാഗമായില്ല. ഇനിയെങ്കിലും അതിന് ഇടയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് അറിയപ്പെടുന്ന എല്ലാമതങ്ങൾക്കും ഇവിടെ വളരാനും വികസിക്കാനും അവസരം ഒരുക്കിയതാണ് ഭാരതസംസ്‌കാരം. ഭാരതത്തിന്റെ ഈകാഴ്ച്ചപ്പാടിനെപ്പറ്റി പുതിയതലമുറയെ പഠിപ്പിക്കാൻ നമുക്ക് സാധിക്കണം. ധർമ്മം ഉണ്ടെങ്കിൽ രാജാവ് വേണ്ട എന്ന് പഠിപ്പിച്ച നാടാണിത്. ധർമ്മത്തിന്റെ ആധാരത്തിൽ സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം. രാജനൈതീകരംഗത്ത് ശത്രുത ഭാരതീയമല്ല. എല്ലാവരേയും ഉൾക്കൊള്ളാൻ സാധിക്കണമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി. എസ്.നായർ അദ്ധ്യക്ഷനായി. ജസ്റ്റീസ് എൻ.നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ എന്നിവർ ആശംസകൾ നേർന്നു.