നാരങ്ങാനം:കുടിവെള്ള ക്ഷാമം രൂക്ഷമായ നാരങ്ങാനത്ത് പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ചയായിട്ടും നടപടിയില്ല. നാരങ്ങാനം- ചെറുകോൽ ശുദ്ധജല വിതരണ പദ്ധതിയിലൂടെ പഞ്ചായത്തിലെ 5 വാർഡുകളിൽ എത്തിച്ചിരുന്ന ജലവിതരണമാണ് നിലച്ചിരിക്കുന്നത്. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ 10, 12 വാർഡുകളിൽ ഈ പദ്ധതിയിലൂടെയുള്ള പൈപ്പ് ലൈനായിരുന്നു ഏക ആശ്രയം. ആലുങ്കൽ- നെല്ലിക്കാലാ റോഡിന്റെ നവീകരണ പ്രവർത്തനത്തിനിടയിൽ കേടുപാട് സംഭവിച്ച പൈപ്പ് ലൈനുകൾ നന്നാക്കിയിട്ടില്ല. സ്വകാര്യ വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളം വിലകൊടുത്തു വാങ്ങിയാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. നിരന്നകാലാ, മഹാണിമല, മാടുമേച്ചിൽ, ചെറുകുന്നം ഭാഗങ്ങളിൽ വെള്ളമെത്തിയിട്ട് ഒരു മാസത്തോളമായി. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.