road
പൂച്ചക്കുളത്തേക്കുള്ള പാത

കോന്നി: വികസനം കാത്തുകഴിയുകയാണ് തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം. തണ്ണിത്തോട്ടിലെ കുടിയേറ്റ കാലമായ 1948 ൽത്തന്നെ ഇവിടെയും ജനങ്ങൾ കുടിയേറി പാർത്തതാണ്. സാധാരണക്കാർ മാത്രം താമസിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് പുറം ലോകത്തെത്തണമെങ്കിൽ കല്ലുകൾ നിറഞ്ഞ പാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. പ്രദേശത്തേക്കുള്ള പൂച്ചക്കുളം -മൺപിലാവ് റോഡിൽ പൂച്ചക്കുളം പാലം മുതൽ ജനവാസ മേഖലയിലേക്ക് സഞ്ചരിക്കുന്നതിന്റെ അവസാനം വരെ മുക്കാൽ കിലോമീറ്ററോളം കരികല്ലുകൾ അടുക്കി നിർമ്മിച്ച പാതയാണ്. റോഡിന്റെ കുറച്ചു ഭാഗങ്ങൾ മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു.

കുടിയേറ്റ കാലത്ത് ജനങ്ങൾ സമീപ പ്രദേശങ്ങളിലെ പാറകൾ പൊട്ടിച്ച് പാറക്കഷണകൾ അടുക്കി നിർമ്മിച്ചതാണ് ഈ പാത. നാൽപ്പതു വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പാതയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. കരുമാൻതോട് മുതൽ പൂച്ചക്കുളം പാലം വരെ കോൺക്രീറ്റ് ചെയ്ത റോഡാണ് . ബാക്കിയുള്ള ഭാഗങ്ങളാണ് കല്ലുകൾ നിറഞ്ഞത്. കുത്തനെ കയറ്റമുള്ള ഇതുവഴി സഞ്ചരിക്കണമെങ്കിൽ ഫ്രണ്ട് ഗിയർ ഉള്ള ജീപ്പുകൾ വേണം.

ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഇതുമൂലം പല കുടുംബങ്ങളും ഇവിടെ നിന്ന് താമസം മാറിയിട്ടുണ്ട്. രാത്രിയും പകലും ഇവിടെ കാട്ടാനകൾ ഇറങ്ങും. പ്രദേശത്തെ പൂച്ചക്കുളം വെള്ളച്ചാട്ടം കാണാൻ നിരവധി പേർ എത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ടുറിസം സാദ്ധ്യതകൾ ഇതുവരെ പ്രയോജപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പൂച്ചക്കുളത്തുനിന്ന് വനമേഖലയും പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റും കഴിഞ്ഞാൽ മൺപിലാവിലെ ജനവാസമേഖലയിൽ എത്താൻ കഴിയും. തണ്ണിത്തോട് കുടിയേറ്റ കാലം മുതൽ തേക്കുതോട്ടിലും പരിസരപ്രദേശങ്ങളിലും ഉള്ളവർ ചിറ്റാർ ചന്തയിലേക്കും മറ്റും സഞ്ചരിച്ചിരുന്നത് ഇതുവഴിയായിരുന്നു. വീതി കുറഞ്ഞ ഈ റോഡ് വനം വകുപ്പും ഉപയോഗിക്കുന്നുണ്ട് റോഡിന് സംരക്ഷണ ഭിത്തി ഇല്ലാത്തതും അപകട ഭീഷിണിയുയർത്തുന്നുന്നു.