karuva

കോന്നി : കൃഷി വൈവിദ്ധ്യത്തിന്റെ ഭാഗമായി തണ്ണിത്തോട് പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിൽ നട്ട കറുവാമരങ്ങളുടെ പട്ട എടുക്കാൻ പാകമായി. ചീമേനി എസ്റ്റേറ്റിലെ നാടുകാണിയിൽ നിന്ന് നാലുവർഷം മുൻപ് എത്തിച്ച 500 തൈകളാണ് ഇപ്പോൾ വിളവെടുക്കാൻ പാകമായത്. പരീക്ഷണാടിസ്ഥാനത്തിൽ വച്ചുപിടിപ്പിച്ച തൈകൾ വളർന്നതോടെ പുതുതായി 400 തൈകൾ കൂടി വളർത്തുന്നുണ്ട്. വിപണയിൽ ലഭിക്കുന്ന കറുവപ്പട്ടയിൽ ഏറെയും മായം കലർന്നവയായതിനൽ പ്ലാന്റേഷൻ എസ്റ്റേറ്റിലെ കറുവപ്പട്ടയ്ക്ക് വിപണന സാദ്ധ്യതകൾ ഏറെയാണ്. ചീമേനി എസ്റ്റേറ്റിലെ പരിചയ സമ്പന്നരായ തൊഴിലാളികളെ എത്തിച്ചു കറുവയുടെ പട്ട ചീകിയെടുക്കും. തൈലം തയ്യാറാക്കാനായി കറുവയുടെ ഇലകളും ചീമേനി എസ്റ്റേറ്റിലേക്ക് കൊണ്ടുപോകും. വിഭവങ്ങളിൽ സ്വാദും മണവും കൂട്ടാനായി മസാലക്കൂട്ടുകളിൽ ചേർക്കുന്ന കറുവയുടെ അപരനായ കാസിയ കുറഞ്ഞ വിലയിലാണ് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കറുവപ്പട്ടയോടു സാമ്യമുള്ള കാസിയ സാധാരണക്കാർക്ക് തിരിച്ചറിയാൻ കഴിയില്ല. ശ്രീലങ്കയിൽ വളരുന്ന കറുവമരത്തിൽ നിന്നാണ് ലോകത്ത് ഏറ്റവും മുന്തിയ ഗ്രേഡിലുള്ള കറുവപ്പട്ട ലഭിക്കുന്നത്.

ആറു മുതൽ പതിനഞ്ച് മീറ്റർ വരെ ഉയരത്തിൽ ഇതുവളരും. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ കറുവ വളരുന്നുണ്ട്. ജൈവാംശ സമൃദ്ധമായ മണ്ണിൽ വളരുമ്പോഴാണ് കൂടുതൽ ഗുണവും മേന്മയുമുള്ള കറുവപ്പട്ട ലഭിക്കുന്നത്. വിത്തു വഴിയും കമ്പു മുറിച്ചു നട്ടും വായുവിൽ തയാറാക്കുന്ന പതികൾ (എയർ ലെയർ) ഉപയോഗിച്ചും കറുവയിൽ പ്രജനനം നടത്താം. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉത്പാദിപ്പിച്ച രണ്ട് മികച്ച ഇനം കറുവകളാണ് നിത്യശ്രീ, നവശ്രീ എന്നിവ. വേനൽമഴ കഴിഞ്ഞാൽ തണ്ണിത്തോട്ടിലെ കറുവയുടെ വിളവെടുക്കാൻ കഴിയുമെന്ന് എസ്റ്റേറ്റ് മാനേജർ പറഞ്ഞു.