saji
ഡി. സജി, നഗരസഭാ ചെയർമാൻ

അടൂർ : മൃതദേഹം സംസ്കരിക്കാൻ ഇനി അടൂർ നിവാസികൾക്ക് വീടിന്റെ ചുമര് ഇടിക്കേണ്ടിവരില്ല. അത്യാധുനിക വാതക ശ്മശാനത്തിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് നഗരസഭ അടുത്ത ആഴ്ച സമർപ്പിക്കും. മണ്ണ് പരിശോധന നടത്തിയതിന് ശേഷം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ഡി. പി. ആർ. തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയത്.ഏറ്റവും മനോഹാരിതയുള്ളതും പ്രകൃതീ സൗഹൃദവുമായ വാതക ശ്മശാനമാണ് നിർമ്മിക്കുക. നഗരസഭ ഒന്നാം വാർഡിൽ നേരത്തെ വാങ്ങിയ 1.52 ഏക്കർ സ്ഥലത്താണ് ശ്മശാനവും വ്യവസായാധിഷ്ഠിതമായ കോമൺ ഫെസിലിറ്റി സെന്ററും നിർമ്മിക്കുന്നതിനുള്ള പദ്ധതി. പൊതുശ്മശാനമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾക്ക് വീടിന്റെ ചുമരിളക്കി മൃതദേഹം സംസ്കരിക്കേണ്ടിവന്ന സംഭവങ്ങൾ ഉണ്ട്. നഗരസഭ രൂപീകൃതമായതു മുതൽ ശ്മശാന നിർമ്മാണത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്തുമായിരുന്നെങ്കിലും ഇതുവരെ കാര്യമായ നടപടി ഉണ്ടായില്ല. . ഇതിനായി വിവിധ സ്ഥലങ്ങളിൽ വസ്തു മേടിച്ചെങ്കിലും വഴിയില്ലാത്തതും നാട്ടുകാരുടെ പ്രതിഷേധവും തടസമായി. നഗരസഭാ ചെയർമാൻ ഡി. സജി യുടെ ശ്രമഫലമായാണ് ഇപ്പോൾ മിത്രപുരത്ത് ശ്മശാന നിർമ്മാണത്തിനായി അന്തിമ രൂപരേഖയായത്.

ശാന്തി കവാടത്തേക്കാൾ മനോഹരം

തിരുവനന്തപുരം ശാന്തി കവാടത്തേക്കാൾ മനോഹരമായ ശ്മശാനമാകും ഇവിടെ ഉയരുക. കിഫ്ബിയുടെ നോഡൽ ഏജൻസിയായ ഇംപാട്ക് കേരളയിൽ നിന്ന് ഫണ്ട് ലഭിക്കും. നിലവിലുള്ള ഭൂപ്രകൃതിക്ക് ഒരു മാറ്റവും വരുത്താതെയാകും നിർമ്മാണം. വാതക ശ്മശാനത്തിന് 15 മീറ്റർ ചുറ്റളവിൽ ആൾതാമസമുണ്ടാകരുതെന്ന നിബന്ധനയുണ്ട്. നിർദ്ദിഷ്ട സ്ഥത്തുനിന്ന് നാനൂറ് മീറ്റർ ചുറ്റളവിൽ ആൾതാമസമില്ലെന്നതും പദ്ധതിക്ക് അനുകൂലഘടകമാകും. എം. സി റോഡിൽ നാൽപ്പതിനായിരം പടിമുതൽ നിർദ്ദിഷ്ട ശ്മശാനത്തിലേക്കുള്ള റോഡും പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക വൽക്കരിക്കും. ഒപ്പം തൊഴിലധിഷ്ടിത സംരംഭങ്ങൾക്കായുള്ള കോമൺ ഫെസിലിറ്റി സെന്ററും ഇവിടെ ഉയരുന്നതോടെ നിരവധിപ്പേർക്ക് തൊഴിലവസരവും ഉറപ്പാകും. സ്ഥലം ചുറ്റുമതിൽകെട്ടി സംരക്ഷിക്കുന്നതിന് 20 ലക്ഷം രൂപയുടെ ടെൻഡറും നഗരസഭ നൽകിക്കഴിഞ്ഞു.

" സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നതും ഏറ്റവും മനോഹരവുമായ ശ്മശാനമാകും അടൂരിൽ നിർമ്മിക്കുന്നത്. അന്തിമ റിപ്പോർട്ട് ഹാബിറ്റാറ്റ് ലഭ്യമാക്കിയാൽ ഒരു വർഷത്തിനുള്ളിൽ ശ്മശാനം യാഥാർത്ഥ്യമാക്കും."

ഡി. സജി,

ചെയർമാൻ, അടൂർ നഗരസഭ