m

പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ തീർത്ഥാടകരുടെ എണ്ണത്തിൽ തീരുമാനമാകാത്തതിനാൽ പൊലീസ് വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല. കൊവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാൽ (സി കാറ്റഗറി)​ ജില്ലയിൽ ആരാധനാലയങ്ങളിൽ 50 പേർക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ. പിന്നീട് ബി കാറ്റഗറിയിലേക്ക് മാറിയെങ്കിലും ശബരിമല തീർത്ഥാടകരുടെ പ്രവേശന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ജില്ലയിൽ ഇപ്പോൾ നടക്കുന്ന ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മഞ്ഞിനിക്കര പെരുന്നാൾ, മദ്ധ്യതിരുവതാംകൂർ ഒാർത്തഡോക്സ് കൺവെൻഷൻ എന്നിവയിലേക്ക് ദിവസം 200 പേർക്ക് വീതം പ്രവേശനം അനുവദിച്ച് കളക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, ശബരിമല കുംഭമാസ പൂജയ്ക്ക് എത്രപേർക്ക് പ്രവേശനം നൽകുമെന്ന് വ്യക്തമാക്കിയില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ദേവസ്വം ബോർഡ് പറയുന്നു.

തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മന്ത്രി കെ. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകർ ദേവസ്വം ബോർഡുമായി ബന്ധപ്പെടുമ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

കൊവിഡ് അവലോകന സമിതിയുടെ തീരുമാനം വൈകുന്നത് കുംഭമാസ പൂജയ്ക്കുള്ള ഒരുക്കങ്ങളെ ബാധിക്കുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ മാസപൂജ നിയമനം നടന്നിട്ടില്ല. മൂന്നിടത്തെയും ആരോഗ്യ സംവിധാനങ്ങളും സജ്ജമല്ല. പൊലീസ് വിന്യാസത്തിലും തീരുമാനമായില്ല. തീർത്ഥാടകരുടെ സഞ്ചാരപാത നിശ്ചയിച്ചാൽ മാത്രമേ കുടിവെള്ളം, വൈദ്യുതി സംവിധാനങ്ങൾ എർപ്പെടുത്താനാകൂ. കെ.എസ്.ആർ.ടി.സി പത്തനംതിട്ട, കോട്ടയം, ചെങ്ങന്നൂർ തുടങ്ങിയ പത്തിലധികം ഡിപ്പോകളിൽ നിന്ന് സർവീസ് ക്രമീകരിക്കേണ്ടതുണ്ട്.

തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. തീരുമാനം ഉടനുണ്ടായെങ്കിൽ മാത്രമേ ഒരുക്കങ്ങൾ നടത്താനാകൂ.

- ദേവസ്വം ബോർഡ് അധികൃതർ