 
പ്രമാടം: ചന്ദനപ്പള്ളി -പൂങ്കാവ് - കോന്നി റോഡ് നിർമ്മാണത്തിലെ അനാസ്ഥയ്ക്കെതിരെ ബഹുജന പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഗുണനിലവാരമില്ലെന്ന ആരോപണവും. വള്ളിക്കോട് തീയേറ്റർ ജംഗ്ഷനിൽ അരകിലോമീറ്ററോളം ദൂരത്തിൽ പാകിയിരിക്കുന്ന പൂട്ടുകട്ടയുടെ ഗുണനിലവാരം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് കട്ടയുടെ ഗുണനിലവാരം ലാബിൽ അയച്ച് പരിശോധിക്കാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
കുറഞ്ഞ നിലവാരമുള്ള കട്ടകളാണ് പാകിയിരിക്കുന്നതെന്നും ഭാരം കയറ്റിയ
വാഹനങ്ങൾ കടന്നുപോകുമ്പോൾ കട്ടകൾ പൊടിയുന്നതായും വെള്ളമുള്ള സമയങ്ങളിൽ വാഹനങ്ങൾ തെന്നിമാറുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സ്ഥലം സന്ദർശിച്ച ശേഷമാണ് പരിശോധനയ്ക്ക് എം.എൽ.എ നിർദ്ദേശം നൽകിയത്. ഓട നിർമ്മാണം സംബന്ധിച്ചും ഇവിടെ പരാതിയുണ്ട്. പരാതികൾ പരിഹരിച്ച് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എം.എൽ.എ മുന്നറിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൂട്ടുകട്ടയുടെ നിലവാരം പരിശോധിക്കാനും നിർദ്ദേശിച്ചിരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി.എൻജിനീയർ ബി.വിനു, അസി.എക്‌സി.എൻജിനീയർ എസ്.റസീന, അസി.എൻജിനീയർ എസ്.അഞ്ജു, കരാർ കമ്പനി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
റോഡ് നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനോടകം ഉയർന്നിരിക്കുന്നത്. 9.75 രൂപ ചെലവിലാണ് പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ് പുനർനിർമ്മിക്കുന്നത്. ചില ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തിയും വീതി കൂട്ടിയുമാണ് നിർമ്മാണം. പണിയുടെ തുടക്കത്തിൽ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം പൊടിശല്യവും അപകടങ്ങളും വർദ്ധിച്ചിരിക്കുകയാണ്.