കോഴഞ്ചേരി: ദേവീ കീർത്തനങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ പൂവത്തൂർ കവലയിൽ ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പല മേൽകൂര നിർമ്മാണത്തിന് തുടക്കമായി. ഗണപതി ഹോമത്തിന് ശേഷം ഇന്നലെ രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി ഓച്ചിറ വലിയകുളങ്ങര ഇല്ലിക്കാട്ടുമഠം വിനയൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഉത്തരം സ്ഥാപിക്കുന്നതിനായുള്ള ഉരുപ്പടികൾ പൂജിച്ച് മുഖ്യ ശിൽപ്പിക്ക് കൈമാറി. നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ രാജി കല്ലാശാരിപറമ്പിൽ, ഗ്രാമ തച്ചൻ ഷാജി തയ്യിൽ, കരാറുകാരൻ രാകേഷ് തൃക്കൊടിത്താനം, മേൽശാന്തി, സഹകർമ്മി എന്നിവർക്ക് ദക്ഷിണ സമർപ്പണവും നടന്നു. പ്രസിഡന്റ് പ്രസന്നൻ പനന്താനത്ത്, സെക്രട്ടറി മുരളീധരൻ പിള്ള പാറയിൽ, ട്രഷറർ ചന്ദ്രശേഖരൻ പിള്ള മേലേത്ത്, രവീന്ദ്രനാഥൻ നായർ വാളമ്പറമ്പിൽ, കരയോഗം ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.