
കോന്നി : കഷ്ടപ്പാടുകളെ അതിജീവിച്ച് മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലായെന്ന കാരണത്താൽ പഠനം വഴിമുട്ടിയ ജയലക്ഷ്മിയ്ക്ക് സി.പി.എം സഹായത്താൽ ഇനി ഡോക്ടറാകാം. അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജ്ജുനന്റെയും രമാദേവിയുടെയും മകളാണ് ജയലക്ഷ്മി. 2021ൽ എൻട്രൻസ് നേടി പാലക്കാട് ദാസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചിരുന്നു. പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ കോളേജിൽ ചേരാൻ കഴിഞ്ഞില്ല. തുടർന്നും വീട്ടിലിരുന്ന് പഠനം തുടർന്ന ജയലക്ഷ്മി ഈ വർഷം 6797-ാം റാങ്ക് വാങ്ങി. ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചു. കോഴ്സിനു ചേരാൻ എൻട്രൻസ് കമ്മിഷണറുടെ പേരിൽ 3 ലക്ഷം രൂപയും കോളേജിൽ ഫീസായി 4 ലക്ഷം രൂപയും നല്കണം. തുക കണ്ടെത്താൻ നിരവധിയാളുകളോട് സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് ജയലക്ഷ്മി അമ്മയേയും കൂട്ടി ഞായറാഴ്ച്ച കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഓഫീസിലെത്തിയത് വഴിത്തിരിവായി. എം.എൽ.എ വിവരം സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനുവിനെ അറിയിച്ചു. ഇന്നലെ രാവിലെ 7.30ന് ജനീഷ് കുമാർ എം.എൽ.എയെയും കൂട്ടി ഉദയഭാനു അരുവാപ്പുലത്തെ വീട്ടിലെത്തി. എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കുന്നതിനാവശ്യമായ 3 ലക്ഷം രൂപ ജില്ലാസെക്രട്ടറി ജയലക്ഷ്മിക്ക് കൈമാറി. കൂലിപ്പണിക്കാരനും രോഗിയുമായ പിതാവിന്റെയും വീട്ടുജോലി ചെയ്യുന്ന അമ്മയുടെയും കഷ്ടപ്പാടുകൾക്കു നടുവിൽ നിന്നാണ് ജയലക്ഷ്മി എൻട്രൻസിൽ വിജയംനേടുന്നത്. കുടുംബത്തിന് ആകെയുള്ള 31 സെന്റ് വസ്തു ബാങ്കിൽ പണയത്തിലുമാണ്.
ജയലക്ഷ്മിയുടെ വീട്ടിൽ സി.പി.എം ഏരിയാസെക്രട്ടറി ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി, കോന്നി വിജയകുമാർ, സന്തോഷ് കുമാർ തുടങ്ങിയവരും എത്തിയിരുന്നു.
ജയലക്ഷ്മിയുടെ തുടർപഠനത്തിനായി ഫെഡറൽ ബാങ്ക് കോന്നി ബ്രാഞ്ചിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജയലക്ഷ്മി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എസ്.ബി അക്കൗണ്ട് നമ്പർ 10650100363951. ഐ.എഫ്.എസ്.സി കോഡ്. FDRL0001065.